*പ്രളയത്തിൽ ഇടിഞ്ഞുവീണ പുഴയിലെ മണ്ണും മരങ്ങളും നീക്കിയില്ല
*ഇടിയൽ ഭീഷണിയുള്ള പുഴയോരം കെട്ടിസംരക്ഷിക്കാൻ നടപടിയായില്ല
കൊടകര: മറ്റത്തൂർ വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലെ കുറുമാലിപ്പുഴ 2018ലെ പ്രളയത്തിൽ ദിശമാറി ഒഴുകിയതിനെ തുടർന്ന് പുഴയിൽവീണ മണ്ണും മരങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഇനിയും നടപടിയായില്ല. ഇരുകരകളും ഇടിയൽ ഭീഷിണി നേരിടുന്ന പുഴയോര വാസികൾ ഉൾപ്പടെ പ്രദേശത്തെ 300 ഓളം കുടുംബങ്ങൾ അതിവർഷം വരുന്നുവെന്നറിഞ്ഞതോടെ ആശങ്കയിലാണ്.
പ്രളയത്തിൽ ദിശമാറി ഒഴുകിയ പുഴയിലെ മഴവെള്ളപ്പാച്ചിലിൽ മറ്റത്തൂർ പഞ്ചായത്തിലെ 19-ാം വാർഡിലെ ഓടൻകടവിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ അര ഏക്കറോളം പറമ്പ് പുഴയിലേക്ക് ഇടിഞ്ഞു. ഇടിയൽ ഭീഷണി നേരിടുന്ന പുഴയോരം കെട്ടിസംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇനിയും നടപടിയായില്ല. പുഴയോരത്തെ തെങ്ങുകളും മരങ്ങളും ഉൾപ്പടെ നിരവധി കൃഷികളും പ്രളയത്തിൽ നശിച്ചിരുന്നു. രൗദ്രഭാവം പൂണ്ട കുറുമാലിപ്പുഴ ഇരുകരകളിലേയും പുഴയോരം തകർത്ത് തരിപ്പണമാക്കിയിരുന്നു.
പുഴയോരം ഇടിഞ്ഞതിനെ തുടർന്ന് പുഴയിലേക്ക് വീണ തെങ്ങുകൾ, പനകൾ, കവുങ്ങുകൾ, മുളകൾ, കടപ്ലാവ്, വലിയ മരങ്ങൾ തുടങ്ങിയവ കൂടാതെ പുഴയിലൂടെ ഒഴുകിയെത്തുന്ന പാഴ്മരങ്ങളും ഓടൻ കടവിനു സമീപം തടഞ്ഞ് ഒഴുക്ക് തടസപ്പെടുന്നുണ്ട്. കുറുമാലിപ്പുഴയുടെ ഇരുകരകളായ മറ്റത്തൂർ പഞ്ചായത്തിലെയും വരന്തരപ്പിള്ളി പഞ്ചായത്തിലേയും ഒഴുക്കിനെ തടസപ്പെടുത്തുന്ന പുഴയോരത്തെ തെങ്ങുകളും മുളകളും മറ്റ് പാഴ് മരങ്ങളും ഉടൻ മുറിച്ചുനീക്കിയില്ലെങ്കിൽ ഇനിയും ഇതപോലുള്ള വെള്ളപ്പൊക്കത്തിന് ഇടവരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
........................................
2018ലെ പ്രളയത്തിന്റെ ഭീതി ഇനിയും മാറിയിട്ടില്ല. വീടിന്റെ 15 മീറ്റർ മാത്രം അകലെ വരെ അന്ന് ഇടിഞ്ഞിരുന്നു. ഇനിയൊരു പ്രളയം വീടിന് ഭീഷണിയാണ്.
- പാറപ്പുറത്ത് കളരിക്കൽ ജയാനന്ദൻ
കാലവർഷത്തിന് മുമ്പ് കുറുമാലി പുഴയിലെ തടസ്സങ്ങൾ നീക്കി പ്രദേശത്തെ 300ൽ അധികം വരുന്ന കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ നടപടിയെടുക്കണം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
- രഞ്ജിത്ത് കൈപ്പിള്ളി (സമീപവാസി, സാമൂഹ്യ പ്രവർത്തകൻ)
കുറുമാലിപ്പുഴയിലെ ഓടൻകടവിന് സമീപം ഇരുകരകളും ഇടിഞ്ഞ് ഒഴുക്കിന് തടസമായി കിടക്കുന്ന മണ്ണും മരങ്ങളും.