തൃശൂർ : ലോക്ക് ഡൗൺ കാലത്തെ കേരള കൗമുദി ചിത്രം മാസ്‌കിലും ഇടം നേടി. ലോക്ക് ഡൗണിൽ ആരോരും ആശ്രയമില്ലാതെ ജീവിക്കുന്ന വൃദ്ധദമ്പതികൾക്ക് റേഷൻ കടയിൽ നിന്ന് അരിയും മണ്ണെണ്ണയും വാങ്ങി വീട്ടിലെത്തിച്ച പൊലീസുകാരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന കൗമുദി സിനീയർ ഫോട്ടോഗ്രാഫർ റാഫി എം. ദേവസിയുടെ ചിത്രമാണ് മാസ്‌കിലും ഇടം നേടിയത്. പുത്തൻപ്പള്ളിക്ക് സമീപം കേരള ഫാൻസി എന്ന സ്ഥാപനം നടത്തുന്ന ആർ.എച്ച് ജമാലാണ് ചിത്രം മാസ്‌കിൽ അടയാളപ്പെടുത്തി പുറത്തിറക്കിയത്. തൃശൂർ കാഞ്ഞാണി റോഡിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന അംബുജാക്ഷനും(88) ഭാര്യ രാധമ്മയ്ക്കുമാണ് (82) പൊലീസ് സ്റ്റേഷനിലെ എസ്.ഐ ട്രെയിനി നിഖിൽ, സീനീയർ സി.പി.ഒ ഇ.സി സുധീഷ് എന്നിവർ അരിയും മണ്ണെണ്ണയും വീട്ടിലെത്തിച്ചത്. നൂറുകോടി പുണ്യം കിട്ടും മക്കളെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. കേരള പൊലീസിന്റെ മീഡിയ സെന്റർ പിന്നീട് പൊലീസ് വെബ്‌സൈറ്റിൽ ചിത്രം പോസ്റ്റ് ചെയ്തു. മാസ്‌കിന്റെ പ്രകാശനം തൃശൂർ എ.സി.പി വി.കെ രാജു നിർവഹിച്ചു. പൊലീസിന് കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇത്തരം ദൃശ്യങ്ങൾ പ്രചോദനമാകുമെന്ന് എ.സി.പി പറഞ്ഞു. കേരള ഫാൻസി ഉടമ ആർ.എച്ച് ജമാൽ, ഷെബീർ ജമാൽ എന്നിവർ പങ്കെടുത്തു.