makadam-taring

കൈയേറ്റം ഒഴിപ്പിച്ച് റോഡിന് വീതി കൂട്ടാതെ മെക്കാഡം ടാറിംഗ് നടത്തുന്നു

പുതുക്കാട്: വോട്ട് ബാങ്ക് രാഷ്ട്രീയമൂലം റോഡ് നവീകരണ പ്രവർത്തനങ്ങളും തകരാറിൽ. ദേശീയ പാത പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും ഊരകത്തേക്കുള്ള പൊതുമരാമത്ത് റോഡിന്റെ ബ്ലോക്ക് ഓഫീസ് വരെയുള്ള സ്ഥലത്തെ നവീകരണമാണ് വഴിമുട്ടിയിരിക്കുന്നത്.

രാജ ഭരണകാലത്ത് നിർമ്മിച്ചതും കാളവണ്ടികൾ മാത്രം ഉണ്ടായിരുന്ന കാലത്ത് നിർമ്മിച്ച റോഡിന്റെ പകുതി വീതിയാണ് ജംഗ്ഷൻ മുതൽ ബ്ലോക്ക് ഓഫീസ് വരെ ഇപ്പോൾ ഉള്ളത്. റോഡിൽ നിന്നും നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കാവുന്ന തരത്തിൽ ആദ്യ കാലത്ത് റോഡിലേക്ക് ഇറക്കി നിർമ്മിച്ച വീടുകളായിരുന്നു. കാലം പുരോഗമിച്ചങ്കിലും പണ്ട് മുതൽ കൈവശം വച്ച റോഡിന്റെ സ്ഥലം സ്വമേധയാ വിട്ടുകൊടുക്കാൻ ആരും തയ്യാറല്ല. ആരെയും പിണക്കി കൈയേറിയ സ്ഥലം ഒഴിപ്പിച്ചെടുക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നില്ല. അതിനാൽ ഗ്രാമ പഞ്ചായത്തും നോക്കുകുത്തിയാവുന്നു.

പുതുക്കാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത റോഡിനാണ് ഈ ദുർഗതി. ലോക്ക്ഡൗണിന് മുൻപ് മെക്കാഡം ടാറിംഗ് നടത്താനുള്ള നീക്കം ആരംഭിച്ചപ്പോൾ കേരളകൗമുദി സംഭവം വാർത്തയാക്കി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സർവകക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു. ബ്ലോക്ക് ഓഫീസിന് സമീപത്തെ വളവിന് ഇരുവശത്തും മതിൽ പൊളിച്ചു. റോഡുവക്കിലെ യൂണിയൻ ഓഫീസും. തുടർന്ന് മറ്റുള്ളവർക്ക് സ്വയം പൊളിച്ചുമാറ്റാൻ സമയം നൽകി. ദിവസങ്ങൾക്കകം ലോക്ക്ഡൗൺ നിലവിൽ വന്നു. ലോക്ക്ഡൗണിന് ഇളവ് വന്നതോടെ മെക്കാഡം ടാറിംഗ് ആരംഭിച്ചു. സ്ഥലം ലഭ്യമാക്കിയാൽ കോൺക്രീറ്റ് കാന ഉൾപടെയുള്ള നിർമാണം നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാണ്.

റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ റോഡിലൂടെയുള്ള വാഹന തിരക്ക് ഇനിയും വർദ്ധിക്കും. പക്ഷേ എല്ലാം അറിയുന്ന നേതൃത്വത്തിന് ഒരു വിഭാഗത്തിന്റെ എതിർപ്പിനെ നേരിടാൻ ശക്തിയില്ല. ഇവിടെ എല്ലാവർക്കും ഒരേ ലക്ഷ്യമാണ്, വോട്ട്.
വെള്ളം പോകാൻ കാനയില്ലെങ്കിലും വേണ്ട റോഡിലൂടെ വെള്ളം ഒഴുകി റോഡ് കാനയായാലും വേണ്ടില്ല. സമയത്തിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കണം. കരാറുകാരന് പണം ലഭിക്കണം ഇതിൽ കൂടുതലൊന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും താൽപര്യമില്ല.

..........................................

നെന്മണിക്കര പഞ്ചായത്തിൽ കൈയേറി നിർമിച്ചവ പൊളിച്ച് റോഡിന് വീതി കൂട്ടി

റോഡിന്റെ പുതുക്കാട് പഞ്ചായത്ത് അതിർത്തി കഴിഞ്ഞാൽ നെന്മണിക്കര പഞ്ചായത്തിൽ കൈയ്യേറി നിർമിച്ച വീടുകളും മതിലുകളും പൊളിച്ച് റോഡിന് വീതി കൂട്ടി. റെയിൽവേ സ്റ്റേഷൻ മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെ റോഡിന് വീതി ഉണ്ട്. പിന്നീടാണ് കൈയേറ്റം നടന്നിട്ടുള്ളത്. പഞ്ചായത്ത് കിണർ, ചതുപ്പായി കിടന്നിരുന്ന പുറമ്പോക്ക് എന്നിവ കൈയ്യേറി സ്വന്തമാക്കിയവരിൽ നിന്നും ഒഴുപ്പിച്ചെടുക്കാൻ തയ്യാറുള്ള നേതൃത്വം പുതുക്കാടിനില്ലാത്തതാണ് നാടിന്റെ ശാപം. റോഡ് മഴുവൻ ടാർ ചെയ്തതോടെ കാൽനടക്കാരും ഇരു ചക്ര വാഹനയാത്രക്കാരുമാണ് ദുരിതത്തിലാകുന്നത്. റെയിൽവേ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള കാൽനടക്കാരും യാത്രക്കാരും കൂടാതെ ഇരിങ്ങാലക്കുട, ചേർപ്പ്, തൃപ്രയാർ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ, ടോൾഒഴിവാക്കി പോകുന്ന വാഹനങ്ങൾ എന്നിവ സഞ്ചരിക്കുന്ന എറ്റവും തിരക്കുള്ള റോഡിന്റെ കൈയേറ്റമാണ് ഒഴിപ്പിക്കാത്തത്.