എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കുടിവെള്ള പദ്ധതി കോൺഗ്രസ് തടസപ്പെടുത്തുന്നുവെന്ന സി.പി.എം ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ഡി.സി.സി സെക്രട്ടറി വി.കെ. രഘുസ്വാമി. പദ്ധതി പ്രദേശമായ മനപ്പടിയിലുള്ള കുടുംബങ്ങൾക്ക് വെള്ളം നൽകാതെ പഞ്ചായത്ത് പ്രസിഡന്റ് തന്റെ നാടായ പാഴിയോട്ടുമുറിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തടഞ്ഞു.
നാട്ടുകാരുടെ ന്യായമായ ആവശ്യത്തിനൊപ്പം കോൺഗ്രസ് നേതാക്കൾ നിന്നത് രാഷ്ട്രീയം നോക്കിയല്ല. ദുബായ്പടി കിണറിലെ വെള്ളം കൊല്ലൻപടി ഭാഗത്തേക്കാണെന്നും സ്‌കൂളിലെ കിണറിലെ മനപ്പടിയിലേക്കുമാണെന്ന് ഗ്രാമസഭയിൽ പ്രസിഡന്റ് ഉറപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് വെള്ളം കൊണ്ടുപോകൻ ശ്രമം നടത്തുന്ന പ്രസിഡന്റ് ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്.
മനപ്പടിയിലും കൊല്ലംപടിയിലും കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ. രഘു സ്വാമി ആവശ്യപ്പെട്ടു.