കാഞ്ഞാണി : ശ്രീ നാരായണ ഗുരുദേവൻ കാരമുക്കിൽ ദീപപ്രതിഷ്ഠ നടത്തിയതിന് ഇന്നേക്ക് 100 വർഷം തികയുന്നു. 1085 ഇടവം രണ്ടിനാണ് (1920 മേയ് 15) ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയത്. വിളക്ക് പ്രതിഷ്ഠിച്ച കേരളത്തിലെ ഏക ക്ഷേത്രമാണ് കാരമുക്കിലെ ശ്രീ ചിദംബരം ക്ഷേത്രം. അന്നത്തെ പറത്താട്ടിൽ തറവാട്ടുകാരാണ് കുടുംബക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ ക്ഷണിച്ചത്. ക്ഷണ പ്രകാരമെത്തിയ ഗുരുദേവൻ ശ്രീ കോവിലിൽ കയറി അതിനുള്ളിൽ പ്രതിഷ്ഠയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന വിഗ്രഹങ്ങൾ എടുത്തുമാറ്റി മുന്നു കവരമുള്ള വിളക്കിൽ എണ്ണയൊഴിച്ച് തിരിയിട്ട് ദീപം തെളിച്ചാണ് പ്രതിഷ്ഠ നടത്തിയത്. കാരമുക്കിലെ ദീപപ്രതിഷ്ഠ ലോകത്തിലെ മുഴുവൻ അന്ധകാരത്തെയും കീറിമുറിക്കുന്ന വജ്രസൂചി പോലെ ശക്തവും തീവ്രവുമായി കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നു. നൂറാം വാർഷികം വിപുലമായ പാരിപാടികളോടെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം ചടങ്ങായി മാത്രമാണ് നടത്തുന്നതെന്ന് ശ്രീ നാരായണ ഗുപ്ത സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി പറഞ്ഞു. രാവിലെ ഗണപതിഹവനവും തുടർന്ന് 100 നാളികേര മുറികളിൽ നെയ്യൊഴിച്ച് എള്ള് തിരിയിട്ട് കത്തിച്ച് ആരതി ഉഴിഞ്ഞും പുഷ്പാഭിഷേകം നടത്തിയും പ്രത്യേക പൂജകളും ഉണ്ടാകും. രാവിലെ ആറിന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ നേതൃത്വം നൽകും.
മനുഷ്യ മനസുകളിൽ അറിവില്ലായ്മയുടെ അന്ധകാരം നിറഞ്ഞു നിൽക്കുന്നു.
അതിനാൽ നാമിവിടെ വെളിച്ചം പരത്തുന്ന ദീപം പ്രതിഷ്ഠിക്കുന്നു
ശ്രീ നാരായണ ഗുരുദേവൻ..