തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയുടെ പ്രത്യേക തീവ്രയത്‌ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ നിർവഹിച്ചു. കൊവിഡ് 19 അടച്ചിടൽ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിൽ ഉണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സുഭിക്ഷ കേരളം 'പദ്ധതിക്ക് പിന്തുണ നൽകുന്നതിനാണ് കേരള കാർഷിക സർവ്വകലാശാല സമഗ്ര തീവ്രയത്‌ന പരിപാടിക്ക് രൂപം നൽകിയത്. കൊവിഡ് കാലത്തെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ കാർഷിക സർവകലാശാല അതിന്റെ സർവശക്തിയും ഉപയോഗിച്ചു രംഗത്ത് വരണമെന്ന് മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ. എസ് ഉമാദേവിക്കും മടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയനും കാർഷിക സർവകലാശാലയുടെ പ്രകൃതിസൗഹൃദ പച്ചക്കറി കൂട്ടായ 'ഏക'പാക്കറ്റുകൾ നൽകിയാണ് മന്ത്രി പരിപാടി ഉദ്ഘാടനം നിർവഹിച്ചത്. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു പരിപാടി വിശദീകരിച്ചു.