ചാലക്കുടി: തച്ചുടപറമ്പിലെ പാടശേഖരത്തിൽ അനധികൃതമായി റോഡ് നിർമ്മിച്ച സംഭവത്തിൽ സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ചു. ഒരു കുളത്തിലേയ്ക്ക് മാത്രമായി 9 മീറ്റർ വീതിയിൽ നഗരസഭ ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം ഭരണകക്ഷിയായ സി.പി.എമ്മിന് നാണക്കേടായി മാറിയിട്ടുണ്ട്. ഇതേ തുടർന്നാണ് നേതാക്കളുടെ സന്ദർശനം. കോൺഗ്രസ് വാർഡ് കൗൺസിലറാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും സി.പി.എം ഭരിക്കുന്ന നഗരസഭയിൽ ചെയർപേഴ്‌സൺ അറിയാതെ ഇത്തരത്തിൽ പകൽക്കൊള്ള നടന്നതിൽ പാർട്ടി നേതാക്കളിൽ അമർഷമുണ്ടാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് ഏരിയാ കമ്മിറ്റയിലെ ഏതാനും നേതാക്കൾ പാടശേഖരത്തിൽ പരിശോധനയ്ക്ക് എത്തിയത്. പാർട്ടിയിലെ ചില നേതാക്കളും കൗൺസിലർമാരും പ്രതിപക്ഷവുമായി അന്തർദ്ധാര ബന്ധമുണ്ടെന്ന പ്രചരണം നിലനിൽക്കുന്നതും സി.പി.എമ്മിലെ ആശയക്കുഴപ്പത്തിലാക്കി.
ഡി.വൈ.എഫ്.ഐയാണ് പാടം നികത്തിലിനെതിരെ ആദ്യമായി രംഗത്തെത്തിയത്. നഗരത്തിലെ പ്രധാന പാടശേഖരത്തിൽ നടന്ന ക്രൂരത സി.പി.ഐയേയും വെട്ടിലാക്കുന്നു. അവരുടെ യുവജന സംഘടനായ എ.ഐ.വൈ.എഫ് എല്ലാ പാടം നികത്തിലിനെതിരേയും നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഇക്കുറി അവരുടെ നിലപാട് ജനങ്ങൾ കൗതുകത്തോടെ വീക്ഷിക്കുന്നു. ഇതുവരെ അവരുടെ ഒരു പ്രതിഷേധ പ്രസ്താവന മാത്രമാണ് ഉണ്ടായതെന്നും ശ്രദ്ധേയമാണ്.