തൃപ്രയാർ: ജൈവപച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിച്ച് വിജയം നേടി വനിതാ കൂട്ടായ്മ. നാട്ടിക പഞ്ചായത്ത് കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പിലെ നാല് വനിതകളാണ് ശ്രദ്ധേയരായത്. എഴാം വാർഡിൽ അക്ഷയ കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹരിതതീരം ഗ്രൂപ്പിലെ ധനലക്ഷ്മി, ഗീത സുരേഷ്, രമണി മോഹനൻ, സുനിത ഗോപിനാഥ് എന്നിവരാണ് കൃഷി ചെയ്യുന്നത്. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ ആറ് വർഷമായി ഇവർ കൃഷി ചെയ്യുന്നു. വാഴ, മരച്ചീനി, പയർ, കയ്പ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, വഴുതനങ്ങ, ചുരക്ക, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. സീസൺ അനുസരിച്ച് ഇഞ്ചി, മഞ്ഞൾ, കൂർക്ക, ചീര എന്നിവയും ഉണ്ട്. ചാണകം, ചാരം, പച്ചില വളം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ വളമായി ഉപയോഗിക്കുന്നു. കീടങ്ങളെ നശിപ്പിക്കാനായി ജൈവ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികളും മറ്റും കടകളിലും പ്രദേശവാസികൾക്കും വില്പന നടത്തുന്നു. ബാങ്കിൽ നിന്നും ലോൺ എടുത്താണ് വനിതാ കൂട്ടായ്മ കൃഷിക്കാവശ്യമായ തുക കണ്ടെത്തുന്നത്.