തൃശൂർ: രണ്ട് മാസത്തെ ലോക്ക് ഡൗണിൽ സംസ്ഥാനത്തെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിയവർ വെറുതെയിരുന്നില്ല. കാർഷിക സർവകലാശാലയിൽ നിന്ന് മാത്രം അവർ വാങ്ങിയത് 1,500 കിലോഗ്രാം പച്ചക്കറി വിത്തും രണ്ടു ലക്ഷത്തിലേറെ തൈകളും. ഇരട്ടി വിത്തും തൈകളും വിൽക്കാനിടയായത് മലയാളികൾ കൃഷിയിൽ കൂടുതൽ മുഴുകിയെന്നതിന്റെ തെളിവാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കൃഷിശാസ്ത്രജ്ഞർ.
തെങ്ങ്, ടിഷ്യൂ കൾച്ചർ വാഴ, ജാതി എന്നീ തൈകളും പയർ, വെണ്ട, ചീര എന്നിവയുടെ വിത്തുകളുമാണ് ഏറ്റവുമധികം വിറ്റത്. വരും കാലത്തേക്കുള്ള വിത്ത്, നടീൽ വസ്തു, ജൈവവളം എന്നിവയുടെ ഉത്പാദനത്തിലും സർവകലാശാല ലോക്ക് ഡൗൺ കാലത്ത് നേട്ടം കൈവരിച്ചു. മുൻ മാസങ്ങളേക്കാൾ ഇരട്ടിയിലധികം പേർ ഇക്കാലത്ത് കാർഷിക സംശയങ്ങളുമായി സർവകലാശാലയിൽ ബന്ധപ്പെട്ടു. ഇതിൽ പകുതിയോളം പേർ ആദ്യമായി കാർഷികമേഖലയിൽ ചുവടുവെയ്ക്കുന്നവരാണ്.
പുതുതായി കൃഷിയിലേക്ക് ഇറങ്ങിയവർ ഏറെയും തേടിയത് ഗ്രോ ബാഗ് ആയിരുന്നു. കൃഷിയുടെ പ്രസക്തിയെക്കുറിച്ച് നടന്ന വ്യാപക പ്രചാരണവും ലോക്ഡൗൺ കാരണം കിട്ടിയ അധിക സമയവും കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായെന്നാണ് സർവകലാശാല അധികൃതർ കരുതുന്നത്.
ഓൺലൈൻ ഫോൺ ഇൻ ലേക്ക് വന്ന കോളുകൾ: 20 ലക്ഷത്തിലേറെ
ലോക്ഡൗണിൽ സർവകലാശാല ഉത്പാദിപ്പിച്ചത്
(കിലോഗ്രാമിൽ)
84,260 നെൽവിത്ത്
631 പച്ചക്കറി വിത്ത്
43,307 വിളകളിൽ നിന്നുള്ള നടീൽത്തൈ
4,155 ജൈവവളം
.............
കാർഷിക വിദ്യാർത്ഥികളും ഗവേഷകരും കർഷകരും ഉൾപ്പടെയുളളവരുടെ ആവശ്യങ്ങൾ നിർവഹിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയാണ് കാർഷിക മേഖലയ്ക്ക് കൈത്താങ്ങായത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കാർഷിക രംഗത്തേക്ക് പുതുതായി കടന്നുവന്നവർ ഉൾപ്പെടെയുള്ളവർക്ക് ഉപദേശം ലഭ്യമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയും ഓൺലൈൻ ക്ലാസുകളിലൂടെയും പ്രായോഗിക പരിജ്ഞാനം നൽകി സർക്കാരിന്റെ ലക്ഷ്യമായ കാർഷിക സ്വയം പര്യാപ്തതയ്ക്ക് പിന്തുണ നൽകി.''
ഡോ. ആർ. ചന്ദ്രബാബു, വൈസ് ചാൻസലർ
.............
മറ്റ് പ്രവർത്തനങ്ങൾ
കളക്ടറേറ്റുകൾ, ക്ലബ്ബുകൾ, കാമ്പസുകളിലെ ബാങ്കുകൾ തുടങ്ങിയവയ്ക്ക് സർവകലാശാല ലാബുകളിൽ നിർമ്മിച്ച സാനിറ്റൈസർ.
റസിഡന്റ്‌സ് അസോസിയേഷനുകൾ, കുടുംബശ്രീ, കർഷക കൂട്ടായ്മകൾ തുടങ്ങിയവയുടെ സ്വീകാര്യത നേടിയെടുത്ത് ഓൺലൈൻ വീഡിയോ, ഓൺ ലൈൻ കാർഷിക പരിശീലനങ്ങൾ, ഫേസ് ബുക്ക് ലൈവ്
സർവകലാശാലാ കേന്ദ്രങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ കോൾ സെന്ററുകൾ വഴി കർഷകർക്ക് 24 മണിക്കൂറും നിർദേശങ്ങൾ
ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് 'ഹോട്ടികൾച്ചർ തെറാപ്പി' യിൽ 5 ദിവസത്തെ ഓൺലൈൻ പരിശീലനവും കൗൺസലിംഗും
ഓൺലൈൻ പ്ലാറ്റ്‌ഫോം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ് എന്നിവയിലൂടെ എണ്ണൂറിലധികം ബിരുദ ബിരുദാനന്തര, ഗവേഷക വിദ്യാർത്ഥികൾക്ക് ക്‌ളാസുകൾ