കയ്പമംഗലം: കാലവർഷ പ്രതിസന്ധികളെ നേരിടാൻ മുന്നൊരുക്കവുമായി കയ്പമംഗലം മണ്ഡലം. പ്രവാസികളടക്കം നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ ക്വാറന്റൈൻ സംവിധാനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും തീരദേശത്തെ കടലാക്രമണങ്ങളും മുന്നിൽ കണ്ട് എടുക്കേണ്ട മുൻകരുതലുകൾ ക്രമീകരിക്കുന്നതിന്റ ഭാഗമായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു ചേർത്തു. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളും എടുത്തിരിക്കുന്ന സമീപനങ്ങളെ കുറിച്ചും തുടർന്ന് എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും യോഗം ചർച്ച ചെയ്തു. ഏത് ഘട്ടത്തിലും ഉണർന്നു പ്രവർത്തിക്കാൻ സജ്ജമായിരിക്കണമെന്ന് പഞ്ചായത്തു ഭരണസമിതിക്കും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർക്കും എം.എൽ.എ നിർദേശം നൽകി. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.കെ അബീദലി, വൈസ് പ്രസിഡന്റ് ലൈന അനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ കെ.രേവ, ഡോ. സാനു എം.പരമേശ്വരൻ പഞ്ചായത്ത് സെക്രട്ടറിമാർ, പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ് തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.