തൃശൂർ: കേരള തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങൾ, കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി. മീ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 65 കി. മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും.
തെക്ക് - കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദമായി മാറി. ഒഡീഷയിലെ പാരദ്വീപ് തീരത്ത് നിന്ന് ഏകദേശം 1060 കിലോ മീറ്ററും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിശയിൽ നിന്ന് 1310 കിലോ മീറ്ററും ദൂരെയാണിത്. അടുത്ത 12 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും വീണ്ടും ശക്തിപ്രാപിച്ച ശേഷമുള്ള 24 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റായും മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കി അത് മാറുമെന്നും പ്രതീക്ഷിക്കുന്നു.