എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ക്വാറന്റൈൻ കേന്ദ്രമായ വെള്ളറക്കാട് ആയുർവേദ ആശുപത്രിയിൽ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്ന് വാർഡ് മെമ്പർ ആമിന സുലൈമാൻ. രണ്ട് പേർ ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. വാർഡ് മെമ്പറെയും പരിസരവാസികളെയും അറിയിക്കാതെയും പ്രാഥമിക സൗകര്യം ഒരുക്കാതെയുമാണ് ആശുപത്രി ക്വാറന്റൈൻ സെന്ററായി പ്രവർത്തിക്കുന്നത്.
ആശുപത്രി പരിസരം കാടുപിടിച്ച് ശുചിത്വരഹിതമായാണ് കിടക്കുന്നത്. മാലിന്യം കത്തിച്ച് കളയാനുള്ള കുഴിയുണ്ടാക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആമിന സുലൈമാൻ അറിയിച്ചു.
അതേസമയം സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെയാണ് ആമിന സുലൈമാൻ ആരോപണം ഉന്നയിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ പറഞ്ഞു. ക്വാറന്റൈൻ സെന്ററുകളെക്കുറിച്ച് പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്ത് അതത് വാർഡ് മെമ്പർമാരുടെ അനുവാദത്തോടെയാണ് സെന്ററുകൾ തിരഞ്ഞെടുത്തത്.
വെളളറക്കാട് ആയുർവേദ ആശുപത്രി ആമിന സുലൈമാൻ പ്രതിനിധാനം ചെയ്യുന്ന രണ്ടാം വാർഡിലാണ്. കുഴി നിർമ്മിക്കാൻ മെമ്പറെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും രമണി രാജൻ അറിയിച്ചു.