എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തുകളിലെ വാർഡുകളിൽ വിതരണം ചെയ്യാൻ വാങ്ങിയ മാസ്‌കുകൾ നിലവാരമില്ലാത്തതാണെന്ന് പരാതി. ആരോഗ്യവകുപ്പ് വാങ്ങേണ്ട മാസ്ക് പഞ്ചായത്ത് നേരിട്ട് വാങ്ങിയതിൽ ക്രമക്കേടെന്ന് പ്രതിപക്ഷ അംഗം ലിബിൻ കെ. മോഹൻ ആരോപിച്ചു. ഓരോ വാർഡിലേക്കും 1600 മാസ്കുകളാണ് നൽകിയിട്ടുള്ളത്. ഇതിനായി 6000 രൂപ വീതം വാർഡ് ശുചിത്വ പദ്ധതിയിൽ നിന്ന് നൽകണം. വിതരണം ചെയ്യാൻ നൽകിയിട്ടുള്ള മാസ്കുകൾ കഴുകി ഉപയോഗിക്കാൻ കഴിയാത്ത നിലവാരമില്ലാത്തതാണെന്നും ഒൻപതാം വാർഡിലേക്ക് നൽകിയ മാസ്കുകൾ പഞ്ചായത്തിന് തിരികെ നൽകി പകരം നിലവാരമുള്ള മാസ്കുകൾ വിതരണം നടത്തുമെന്നും ലിപിൻ കെ. മോഹൻ അറിയിച്ചു. അതേ സമയം നിലവാരമുള്ള മാസ്കുകൾ തന്നെയാണ് നൽകിയിട്ടുള്ളതെന്നും പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തകർക്കാനാണ് പ്രതിപക്ഷമായ കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് രമണി രാജൻ പറഞ്ഞു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം വ്യവസായ വകുപ്പിൽ നിന്നാണ് മാസ്കുകൾ വാങ്ങിയിട്ടുള്ളത്. കഴുകി ഉപയോഗിക്കാവുന്ന നിലവാരമുള്ള മാസ്കുകൾ പി.എച്ച്.സി ഡോക്ടറുടെ അനുമതിയോടെയാണ് വാങ്ങിയിട്ടുള്ളതെന്നും രമണി രാജൻ അറിയിച്ചു.