വാടാനപ്പിള്ളി: വാതിൽ ചവിട്ടിത്തുറന്ന് വീട്ടിൽ കയറിയ മോഷ്ടാക്കൾ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണാഭരണം കവർന്നു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് നെടിയേടത്ത് ഗിരിജയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന മൂന്നംഗ സംഘമാണ് ആക്രമിച്ച് മോഷണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ഗിരിജയുടെ മകൾ രമ്യ (33) അണിഞ്ഞിരുന്ന മാല ബലപ്രയോഗത്തിലൂടെ പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ഉണർന്ന രമ്യ അത് തടയുകയായിരുന്നു.
മാല പൊട്ടിച്ചെടുക്കാൻ കഴിയാതെ വന്നതോടെ രമ്യയുടെ കാലിലെ ഒന്നര പവൻ പാദസരം പൊട്ടിച്ചെടുത്ത് മോഷ്ടാക്കൾ കടന്നു കളഞ്ഞു. കവർച്ചക്കാർ മുഖം മറച്ചും കൈയിൽ മാരകായുധങ്ങളുമായാണ് എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടിൽ ഉണ്ടായിരുന്ന സൈക്കിളും മോഷ്ടാക്കൾ കൊണ്ടുപോയി. ഗിരിജയും മകൾ രമ്യയും രമ്യയുടെ അഞ്ച് വയസുള്ള മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വാടാനപ്പിള്ളി പൊലീസ് സംഘം സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. പരിശോധനയ്ക്ക് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസ്, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ ഗോപാലകൃഷ്ണൻ, വാടാനപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ പി.ആർ ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.