എരുമപ്പെട്ടി: സർക്കാർ ഒരുക്കിയ പൊളിറ്റിക്കൽ ക്വാറന്റൈനെ സ്വാഗതം ചെയ്യുന്നതായും കൊവിഡ് പ്രതിരോധ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്നും ആലത്തൂർ എം.പി. രമ്യ ഹരിദാസ് അറിയിച്ചു. വാളയാറിൽ കുടുങ്ങിയ ആലത്തൂർ നിയോജകമണ്ഡലം നിവാസികൾ ഉൾപ്പെടെയുള്ളവരുടെ വേദനാജനകമായ സാഹചര്യം പരിശോധിക്കാനും അവരെ തെരുവിലുപേക്ഷിക്കാതെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുവാനുമായാണ് സ്ഥലം സന്ദർശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തി വാളയാറിൽ എത്തുമ്പോൾ താനുൾപ്പെടെയുള്ള ജനപ്രതിനിധികൾ അവിടെ ഉണ്ടായിരുന്നില്ല. നീരീക്ഷണ കാലാവധിക്ക് ശേഷവും കൂടുതൽ ഊർജ്ജത്തോടെ ജനങ്ങൾക്ക് നീതിക്കും അവകാശസംരക്ഷണത്തിനുമായി പ്രവർത്തിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.