ചാവക്കാട്: സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താഴുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാമ്പത്തിക സഹായം നൽകണമെന്ന് കെ.എം.സി.സി അബുദാബി മുൻ സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസക്കുട്ടി. ബാങ്കിൽ നിന്നുള്ള ഓഫറുകളും സർക്കാരിൽ നിന്നുള്ള കിറ്റുകളും നൽകുന്നതിന് പകരം കുടുംബങ്ങളുടെ മറ്റാവശ്യങ്ങൾക്ക് സാമ്പത്തികശേഷി അനിവാര്യമാണ്.
ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണ കിറ്റുകൾ വളരെ പ്രധാനപ്പെട്ടതാണ്. കെ.എം.സി.സി യു.എ.ഇ, ഖത്തർ കോ- ഓർഡിനേഷനും, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും സംയുക്തമായി തിരുവത്രയിൽ സംഘടിപ്പിച്ച ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി നേതാവായിരുന്ന തിരുവത്ര പി.കെ. അബ്ദുൽ കരീം ഹാജിയുടെ നാമധേയത്തിലാണ് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നത്.
ആരോഗ്യ പ്രവർത്തകരുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി വാഹനത്തിൽ ഓരോ വീട്ടിലേക്കും എത്തിക്കുകയാണ്. ടി.ആർ. ഹംസ അദ്ധ്യക്ഷനായി. പി.പി. ഷാഹു, ടി.കെ. കോയ, പി.എസ്. അബൂബക്കർ, ബക്കർ തിരുവത്ര, കെ.എച്ച്. അബ്ദുൽ സത്താർ, ടി.എം. റഷീദ് കുഞ്ഞിമരയ്ക്കാർ, ടി.എം. ഫർസി എന്നിവർ സംസാരിച്ചു.