ചാവക്കാട്: ബംഗളൂരുവിൽ നിന്ന് എത്തി കഞ്ചാവ് കേസിൽ പിടിയിലായ പ്രതിക്ക് കൊവിഡ് നെഗറ്റീവെന്ന് പരിശോധനാഫലം വന്നതോടെ പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘം ക്വാറന്റൈൻ അവസാനിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് ബ്ലാങ്ങാട് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മണത്തല സ്വദേശിയായ യുവാവ് കഞ്ചാവുമായി പിടിയിലായത്.

കഞ്ചാവുമായി യുവാവ് താമസിക്കുന്നെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം അഞ്ച് കിലോഗ്രാം കഞ്ചാവുണ്ടെന്നായിരുന്നുവെന്ന് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചെങ്കിലും 100 ഗ്രാം മാത്രമേ കണ്ടെടുക്കാനായുള്ളൂ. ചോദ്യം ചെയ്യലിൽ ഇയാൾ തലേന്ന് രാത്രി ബംഗളൂരുവിൽ നിന്ന് അനധികൃതമായെത്തിയതാണെന്ന് വ്യക്തമായതോടെ എക്‌സൈസ് സംഘം ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു.

പ്രതിയായ യുവാവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെ ഇയാൾ കൊവിഡ് നെഗറ്റീവാണെന്ന ഫലം വന്നതോടെ ക്വാറന്റൈനിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ ഇന്നലെ മുതൽ ജോലിക്ക് ഹാജരായി.