ചാലക്കുടി: തച്ചുടപറമ്പ് പാടശേഖരത്തിൽ റോഡ് നിർമ്മാണം ആരംഭിച്ച സംഭവത്തിൽ ഉടക്കി, നഗരസഭയുടെ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. പദ്ധതി നടപ്പാക്കിയ വാർഡ് കൗൺസിലർ ഷിബു വാലപ്പൻ തന്നെയാണ് പ്രശ്‌നത്തിൽ ചെയർപേഴ്‌സൺ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടത്.
പ്രളയകാലത്ത് തകർന്ന റോഡുകളുടെ പുനഃരുദ്ധാരണത്തിനായി മുഖ്യമന്ത്രി അനുവദിച്ച 1.60 കോടി രൂപ യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് നൽകാത്ത സംഭവത്തിൽ ചർച്ച വേണെന്ന് പാർലമെന്ററി പാർട്ടി ലീഡർ വി.ഒ. പൈലപ്പനും ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് അജണ്ടകൾക്ക് ശേഷം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല.
പ്രതിപക്ഷത്തെ ഒന്നടങ്കം അംഗങ്ങളും നേതാക്കൾക്ക് പിന്തുണയുമായി ബഹളം വച്ചു. ഇതോടെ ചെയർപേഴ്‌സൺ യോഗം പിരിച്ചു വിടുകയായിരുന്നു. എല്ലാ അജണ്ടകളും ഒന്നിച്ചു പാസാക്കിയതായി ചെയർപേഴ്‌സൺ അറിയിച്ചു. ബഹളം നടക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ നിശബ്ദരായിരുന്നത് കൗതുകമായി.