പാവറട്ടി: ലോക്ക് ഡൗണും അവധിക്കാലവും കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസ് തയ്യാറാക്കുന്ന തിരക്കിലാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരനായ ഹുസൈൻ മാഷ്. വെന്മേനാട് എം.എ.എസ്.എം ഹൈസ്കൂളിലെ പ്രധാനദ്ധ്യാപകനായ കെ. ഹുസൈൻ ലോക്ഡൗൺ സമയത്ത് സ്‌കൂളിലെത്തി ഹൈസ്‌കൂൾ ക്ലാസ് മുറികൾ മുഴുവൻ ഒറ്റയ്ക്ക് പെയിന്റടിച്ചാണ് കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്നത്.

റംസാനിലെ വ്രതമനുഷ്ടിച്ച് പെയിന്റിംഗ് അടക്കം സ്കൂളിലെ എല്ലാ അറ്റകുറ്റപ്പണികളും നടത്തി വരുകയായിരുന്ന ഹുസൈൻ മാസ്റ്റർ. നല്ലൊരു കൃഷിക്കാരൻ കൂടിയായ ഹുസൈന്റെ ശ്രമഫലമായി സ്‌കൂളിന് സ്വന്തമായി ഔഷധത്തോട്ടമുണ്ട്. സ്‌കൂൾ പൂന്തോട്ടത്തിന് ആവശ്യമായ സിമന്റ് ചെടിചട്ടികളും ഈ കാലയളവിൽ നിർമ്മിച്ചു കഴിഞ്ഞു. പ്രധാനദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ കീഴിൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം ശതമാനം വിജയം നേടിയിരുന്നു.

കഴിഞ്ഞ പരീക്ഷയിൽ 100 ശതമാനം നേടിയ പാവറട്ടി പഞ്ചായത്തിലെ ഏക സ്‌കൂളും കൂടിയാണ്. വളരെ പിന്നാക്കാവസ്ഥയിലും പ്രതികൂല സാഹചര്യത്തിലുമുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളിനെ ഉന്നതിയിൽ എത്തിക്കുന്നതിൽ ഇദ്ദേഹത്തിന്റെയും സഹപ്രവർത്തകരുടെയും ആത്മാർത്ഥ പരിശ്രമമാണ്.