എരുമപ്പെട്ടി: കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മന്ത്രി എ.സി. മൊയ്തീനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എരുമപ്പെട്ടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവന കൈപ്പറ്റുന്ന ചടങ്ങിൽ മന്ത്രിയും ഗൺമാനും മാസ്‌ക് ധരിച്ചിരുന്നില്ല. കൂടാതെ നൂറിലധികമാളുകൾ പങ്കെടുത്ത തെക്കുംകര പഞ്ചായത്തിലെ മങ്കരയിലെ മരണാനന്തര ചടങ്ങിലും മന്ത്രി പങ്കെടുത്തിരുന്നു. ധർണ കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എം.കെ. ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രിജൊ വടുക്കൂട്ട് അദ്ധ്യക്ഷനായി. നേതാക്കളായ സെഫീന അസീസ്, യദുകൃഷ്ണൻ, രജീഷ് ബാല, അജു നെല്ലുവായ് എന്നിവർ പങ്കെടുത്തു.