krishi
എല്‍.ജെ.ഡി.ജില്ലാ കമ്മിറ്റി ഭൗമദിനത്തില്‍ നടത്തിയ ഒരു ലക്ഷം പച്ചക്കറിതൈകളുടെ കൃഷിയിറക്കല്‍ പദ്ധതി പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യന്നു

ചാലക്കുടി: കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ രാജ്യത്ത് പ്രഖ്യാപനങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും അന്നം തരുന്നവന്റെ അന്തസ്സ് സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. എൽ.ജെ.ഡി ജില്ലാ കമ്മിറ്റി ഭൗമദിനത്തിൽ നടത്തിയ ഒരു ലക്ഷം പച്ചക്കറിത്തൈകളുടെ കൃഷിയിറക്കൽ പരിപാടിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കല്ലേറ്റുകരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഷാജു വാലപ്പന്റെ കൃഷിയിടത്തിലാണ് ചടങ്ങ് നടന്നത്. കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാരിന്റെ മൊറോട്ടോറിയം പ്രഖ്യാപനം വൻ തട്ടിപ്പാണ്. വായ്പാ കാലാവധി താത്കാലികമായി നീളുമെന്ന തൊഴിച്ചാൽ കർഷകർക്ക് യാതൊരു ഗുണവുമില്ല. പലിശയും മുതലും അടക്കം വൻ സംഖ്യ ഇതു മൂലം പിന്നീട് നൽകേണ്ടി വരുമെന്നും യൂജിൻ ചൂണ്ടിക്കാട്ടി.

മലയോര കർഷകരെ സംരക്ഷിക്കുന്നതിന് വന്യമൃഗശല്യം മൂലമുള്ള നഷ്ടപരിഹാരം നാലിരട്ടിയായി വർദ്ധിപ്പിക്കുകയും കൃഷിഭൂമി സൗരോർജ്ജവേലി കെട്ടി സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പോളി കുറ്റിക്കാടൻ അദ്ധ്യക്ഷനായി. ഷാജു വാലപ്പൻ, ജോർജ് കെ. തോമസ്, കാവ്യ പ്രദീപ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, എം.ഡി. ജോയ് എന്നിവർ പ്രസംഗിച്ചു.