തൃശൂർ: മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ ഡോക്ടറും നഴ്‌സുമാരുമടക്കം ഒമ്പത് പേർക്ക് നിരീക്ഷണത്തിൽ പ്രവേശിക്കാൻ മെഡിക്കൽ ബോർഡ് നിർദ്ദേശം. ന്യൂറോ സർജൻ ഡോ. ലിജോ, സീനിയർ ലാബ് ടെക്‌നീഷ്യൻ കെ.എൻ നാരായണൻ, നഴ്‌സിംഗ് സൂപ്രണ്ടുമാരായ ലിസി വർഗീസ്, സി.കെ ഗ്രേസി, എം.കെ ഹൈമാവതി, ടി.എൽ ശ്യാമിനി, എം.എസ് മല്ലിക, സ്റ്റാഫ് നഴ്‌സ് അശ്വതി, ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സ് സിജി ജോസ് എന്നിവർക്കാണ് നിരീക്ഷണ നിർദ്ദേശമുള്ളത്.

വാളയാർ അതിർത്തിയിലെ വിവാദ സംഭവത്തിന് ശേഷം ടി.എൻ പ്രതാപൻ എം.പി പങ്കെടുത്ത നഴ്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനാണ് നിരീക്ഷണ നിർദ്ദേശം. സെക്കൻഡറി കോൺടാക്ടിലെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാനുള്ള ബോർഡിന്റെ നിർദ്ദേശം. 34 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

ബാക്കിയുള്ളവർ കുറഞ്ഞ സാദ്ധ്യതാ പട്ടികയിലുള്ളവരായാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്‌ക് ധരിക്കാതിരിക്കുകയും, സെക്കൻഡറി കോൺടാക്ടിലുള്ളയാളുമായി നേരിട്ടിടപെട്ടതുമാണ് നിരീക്ഷണ നിർദ്ദേശത്തിന് കാരണം. ഇതിൽ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാദ്ധ്യതയുള്ള ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നുമാണ് ബോർഡ് റിപ്പോർട്ട്.