ചാലക്കുടി: നിയമം കാറ്റിൽ പറത്തി തച്ചുടപ്പറമ്പ് പാടശേഖരത്തിൽ നഗരസഭാ പദ്ധതിയിലൂടെ റോഡ് നിർമ്മാണം ആരംഭിച്ചത് വിവാദവും ഭരണകക്ഷിയായ സി.പി.എമ്മിന് ഊരാക്കുടുക്കുമാകുന്നു. കോൺഗ്രസ് കൗൺസിലറുടെ വാർഡിലാണ് പ്രവർത്തനം നടന്നതെങ്കിലും ഭരണകക്ഷിക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണ്.

സ്വകാര്യ ഭൂമി എടുത്തതിൽ ഫ്രീ സറണ്ടർ, പാടശേഖരത്തിലെ റോഡിനുള്ള അനുബന്ധ നടപടികൾ തുടങ്ങിയവ പാലിക്കാതെയാണ് തുക അനുവദിച്ചതും റോഡ് നിർമ്മാണം ആരംഭിച്ചതും. ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പൊതു മരാമത്ത് വകുപ്പ് സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്നിവരും ഉദ്യോഗസ്ഥരും സംഭവത്തിൽ കരിനിഴലിലാണ്.

ഒരു പരിശോധനയും നടത്താതെ വാർഡ് കൗൺസിലർ ഉണ്ടാക്കിയ പദ്ധതി അംഗീകരിച്ചതാണ് ഉദ്യോഗസ്ഥർക്ക് വിനയായത്. മറ്റു വാർഡുകളിലും പാടശേഖരത്തിലൂടെ റോഡ് നിർമ്മാണം നടന്നുവെന്ന ന്യായമാണ് തച്ചുടപറമ്പ് വാർഡ് കൗൺസിലർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ തങ്ങളെ കുറ്റക്കാരാക്കാൻ നോക്കിയപ്പോൾ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോൾ ഭരണപക്ഷത്തിനും മറുപടിയില്ലാതായി.

ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്ത് കൊടികുത്തിയതിനെ തുടർന്നാണ് ചെയർപേഴ്‌സൺ നിർമ്മാണ പ്രവർത്തനം നിറുത്തി വയ്ക്കാൻ നിർദ്ദേശിച്ചത്. ഈ നിലപാടിൽ നിന്നും ഇനി മാറാനും അവർക്കാകില്ല. സി.പി.എം ജില്ലാ നേതൃത്വവും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് അറിയുന്നു.