തൃശൂർ: ലോക്ക് ഡൗണിൽ, പ്രധാനമായും പ്രമേഹം അടക്കമുളള ജീവിതശൈലീ രോഗങ്ങളെ പിടിച്ചുകെട്ടാൻ 'ആയുഷ് മിഠായി ' ഓൺലൈൻ ട്രെയിനിംഗുമായി ഭാരതീയ ചികിത്സാ വകുപ്പ്. ശരീരത്തിന് വേണ്ട വ്യായാമം കുറയുകയും അമിതമായ ഉത്കണ്ഠ, ഭയം എന്നിവ ഉറക്കക്കുറവ് ഉണ്ടാക്കുകയും പ്രമേഹവും മറ്റ് ജീവിതശൈലി രോഗങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഏഴ് ദിവസത്തെ പരിശീലനമാണ് നടക്കുന്നത്. ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം എന്നിവ പ്രമേഹം നിയന്ത്രണത്തിലാക്കാൻ സഹായകമാകുമെന്ന സന്ദേശമാണ് പരിശീലനത്തിലൂടെ നൽകുന്നത്. ഭാരതീയ ചികിത്സാ വകുപ്പിനൊപ്പം നാഷണൽ ആയുഷ് മിഷനും ചേർന്നാണ് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗം, നേത്ര വിഭാഗം, ആയുഷ് വെൽനെസ് സെന്റർ എന്നിവയുടെ സഹായത്തോടെ പരിശീലനം നടത്തുന്നത്. സ്മാർട്ട് ഫോണിലെ ഓഡിയോ, വീഡിയോ , വാട്സ് ആപ്പ് , യു ട്യൂബ് തുടങ്ങിയവ വഴിയാണ് പരിശീലനം. പരിശീലനം തേടുന്നവരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘമാണ് നിർദ്ദേശങ്ങളും ക്ളാസുകളും നൽകുന്നത്.
6 സവിശേഷതകൾ:
1. പ്രമേഹവും അനുബന്ധ രോഗങ്ങളും ശരീരത്തെ ഏത് രീതിയിൽ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന ക്ളാസുകൾ.
2. വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ആരാേഗ്യപ്രദമായ ഭക്ഷണങ്ങളുടെ നിർദേശം
3. ശാരീരികവും മാനസികവുമായ സുഖത്തിന് ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾക്കുളള അറിവുകൾ.
4.. വീട്ടിൽ ചെയ്യാൻ കഴിയുന്ന യോഗ, പ്രാണായാമം, മെഡിറ്റേഷൻ എന്നിവയുടെ നിർദേശങ്ങൾ .
5. സ്വന്തം അനുഭവങ്ങൾ, പരീക്ഷണങ്ങൾ പങ്കു വെയ്ക്കുന്നതിലൂടെയുളള ചർച്ചകൾ.
6. കഴിച്ചു കൊണ്ടിരിക്കുന്ന ആയുർവേദ, അലോപ്പതി, ഹോമിയോ മരുന്നുകളിൽ മാറ്റം വരുത്താതെയുളള പ്രതിരോധം.
മുൻഗണന
ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേരെ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർക്കും. കൂടുതൽ പേരുണ്ടെങ്കിൽ പരിശീലനം തുടരും. തൃശൂർ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്: 9188526392
രജിസ്റ്റർ ചെയ്യുന്നതിന് ഗൂഗിൾ ഫോം പൂരിപ്പിക്കാം: https://docs.google.com/forms/d/10_73WZGrjT4DUXqOZGwBUiyLpsIHDH2q7Z3Mtz_4EyY/edit
''പ്രമേഹവും ജീവിതശൈലീ രോഗങ്ങളും കൂടുന്ന കാലമാണിത്. അതുകൊണ്ടു തന്നെ മാനസികസമ്മർദ്ദം ഇല്ലാതാക്കി രോഗങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. മരുന്നുകൾക്കല്ല, ഈ പരിശീലന പരിപാടിയിൽ പ്രാമുഖ്യം. ആവശ്യമുളളവർക്ക് മാത്രം മരുന്നുകൾ ലഭ്യമാക്കും. വ്യായാമങ്ങളും ഭക്ഷണശീലങ്ങളും തന്നെയാണ് പ്രധാനം.''
-ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്