pravasi
പ്രവാസികൾ തേജസ് കോളേജിൽ

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ക്വാറന്റൈൻ കേന്ദ്രമായ വെള്ളറക്കാട് തേജസ് എൻജിനിയറിംഗ് കോളേജിലേക്ക് പ്രവാസികളെത്തി. ശനിയാഴ്ച രാത്രി നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ തൃശൂർ സ്വദേശികളായ അഞ്ച് പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. രാത്രി 12 മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ പൊലീസ് അകമ്പടിയോടെ പ്രവാസികളെ കേളേജിൽ എത്തിച്ചത്.

കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുമ്പ് തന്നെ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. കുന്നംകുളം തഹസിൽദാർ പി.ആർ. സുധ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, സെക്രട്ടറി എം. ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.എം. നൗഷാദ്, ജലീൽ ആദൂർ, മെമ്പർമാരും മോണിറ്ററിംഗ് സമിതി അംഗങ്ങളുമായ പി.വി. പ്രസാദ്, കെ.കെ. മണി, യൂത്ത് കോ- ഓർഡിനേറ്റർ അനൂഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

വരും ദിവസങ്ങൾ കൂടുതൽ പേരെ ഇവിടെയെത്തിക്കും. സന്നദ്ധ പ്രവർത്തകർ, ആരോഗ്യ വകുപ്പ്, പൊലീസ് എന്നീ വിഭാഗങ്ങളുടെ സേവനവും ഒരുക്കിയിട്ടുണ്ട്. പ്രവാസികളെ പ്രവേശിപ്പിച്ചതിന് ശേഷം പ്രത്യേകം നിയോഗിച്ചിട്ടുള്ള ഉദ്യോസ്ഥർക്കും സന്നദ്ധ പ്രവർത്തർക്കും മാത്രമെ കോളേജ് കോമ്പൗണ്ടിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.