തൃശൂർ : വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും ഇവർക്ക് മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാത്തത് ആശ്വാസം പകരുന്നു. മുപ്പത്തി രണ്ട് ദിവസം കൊവിഡില്ലാതെ മുന്നോട്ട് പോയ ജില്ലയ്ക്ക് ആശങ്ക പരത്തി ഏഴ് പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ദിനം പ്രതി നിരവധി പേരാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തിച്ചേരുന്നത്. വിദേശത്ത് നിന്നുള്ളവരെ നേരിട്ട് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മാത്രം നിരീക്ഷണ കേന്ദ്രങ്ങളിലാക്കി മറ്റുള്ളവരെ വീടുകളിലേക്ക് വിടും.
സോൺമാറ്റം സംസ്ഥാനം തീരുമാനിക്കും
ജില്ല കൊവിഡ് മുക്തമായതോടെയാണ് ഓറഞ്ച് സോണിൽ നിന്ന് ഗ്രീൻ സോണിലേക്ക് മാറിയത്. ഇതേത്തുടർന്ന് നിരവധി ഇളവുകളും ലഭിച്ചിരുന്നു. എന്നാൽ വീണ്ടും വൈറസ് ബാധ കണ്ടെത്തിയെങ്കിലും സോൺ മാറ്റിയിരുന്നില്ല. നേരത്തെ കേന്ദ്രസർക്കാരാണ് സോൺ എതെന്ന് നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് സംസ്ഥാനങ്ങൾ തീരുമാനിക്കാം.
നിരീക്ഷണത്തിൽ ഇരിക്കുന്നവർ കൂടുന്നു
നേരത്തെ രോഗമുക്തി നേടുകയും നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണം 800ൽ താഴെ എത്തുകയും ചെയ്തിരുന്നു. എന്നാൽ വിദേശത്ത് നിന്ന് വന്നവരുടെ എണ്ണം വർദ്ധിച്ചതോടെ രണ്ടായിരത്തിലേറെ പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ നിരവധി പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം 6
രോഗം ഭേദമായവർ 13