തൃശൂർ : മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിനെ കൊവിഡ് ആശുപത്രിയായി മാറ്റിയെങ്കിലും മറ്റ് ചികിത്സകൾക്കായി രോഗികൾ ഒ.പികളിലെത്തുന്നത് ആശങ്ക ഉണ്ടാക്കുന്നു. യാതൊരുവിധ സാമുഹിക അകലവും പാലിക്കാതെയാണ് പാലക്കാട് , മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് രണ്ടായിരത്തോളം പേർ ദിവസവും എത്തുന്നത്. മെഡിക്കൽ കോളേജിനെ പല മേഖലകളായി മുറിച്ചാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നത്.
ആശുപത്രിയുടെ പ്രധാന കവാടത്തിലുള്ള ഒ.പികൾ അടച്ച് അവിടെയാണ് കൊവിഡ് ആശുപത്രിയാക്കിയത്. ഇപ്പോൾ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ, രോഗം കണ്ടെത്തിയ മുഴുവൻ പേരെയും മെഡിക്കൽ കോളേജിലേക്കാണ് മാറ്റുന്നത്. കൂടാതെ രോഗ ലക്ഷണങ്ങൾ ഉള്ളവരെയും ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. ഇതിനിടയിൽ ഇവിടേക്ക് മറ്റ് സാധാരണ രോഗികൾ കൂട്ടമായെത്തുന്നത് ആശുപത്രി അധികൃതരെയും ആശങ്കയിലാക്കുന്നുണ്ട്. അടിയന്തര പ്രാധാന്യമുള്ളവർ മാത്രം എത്തുകയെന്ന നിർദ്ദേശം ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
സാമൂഹിക അകലം ഇല്ല
പുറമെ സാമൂഹികഅകലം പാലിക്കണമെന്ന് കർശനമായി പറയുമ്പോൾ പലവിധത്തിലുള്ള രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കുന്നില്ല. ഒരോ വിഭാഗത്തിലും അവിടേക്കുള്ള ഒ.പി.സംവിധാനമാണ് ഏർപ്പെടുത്തിയത്. അതിനാൽ എല്ലാ വിഭാഗത്തിലും വൻ തിരക്കാണ്. ആദ്യം ചികിത്സയ്ക്കെത്തുന്നതും മെഡിക്കൽ കോളേജിൽ പനി വന്നാൽ പോലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ താലൂക്ക് തലത്തിലോ ജില്ല ആശുപത്രികളിലോ ജനറൽ ആശുപത്രികളിലോ പോകാതെ നേരെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവർ പോലുമുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഇത്തരം ആശുപത്രികളിൽ പരമാവധി രോഗികളെ ഒഴിവാക്കി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതായും ആരോപണമുണ്ട്. പുറത്തിറങ്ങിയാൽ മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശം പോലും പാലിക്കാത്തവർ പോലും ഇത്തരം രോഗികളിലുണ്ട്. പൊലീസ് സംവിധാനം ഇവിടെ ഉണ്ടെങ്കിലും വിശാലമായി കിടക്കുന്ന ആശുപത്രി കോമ്പൗണ്ടിൽ എല്ലാവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പറയുന്നു.
............................
ശസ്ത്രക്രിയകളും മറ്റും കഴിഞ്ഞവരിൽ സാധാരണ ഇഞ്ചക്‌ഷൻ മാത്രമുള്ള രോഗികളെ ജില്ലാ ആശുപത്രികളിലേക്കും ജനറൽ ആശുപത്രികളിലേക്കും പറഞ്ഞയക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കൂടാതെ പുതിയൊരു ഒ.പി കൗണ്ടറിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അടുത്ത ആഴ്ച്ചയോടെ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് കരുതുന്നു
ഡോ. മുരളീധരൻ ആർ.എം.ഒ
മെഡിക്കൽ കോളജ്
..................................
പരമാവധി റഫർ ചെയ്തവർ മാത്രം മെഡിക്കൽ കോളേജിലെത്താൻ പരമാവധി സഹകരിക്കണം. താഴെ തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണം
കെ.ജെ.റീന ഡി.എം.ഒ തൃശൂർ
..................................
ലോക്ക് ഡൗണിന് മുമ്പ്
സാധാരണ ഒ.പിയിലെത്തുന്നവരുടെ എണ്ണം 3500-4000
ലോക്ക് ഡൗണിൽ 1500-1700
കിടപ്പ് രോഗികൾ
കൊവിഡിന് മുമ്പ് -1500-1700
ലോക്ഡൗൺ കാലത്ത് -600-650