എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മെറ്റൽ ക്രഷറിൽ നിന്ന് റോഡ് നിർമ്മാണ സാമഗ്രികളുമായി വന്നിരുന്ന വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി, യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ലംഘിച്ചാണ് വാഹനങ്ങൾ ലോഡുമായി പോകുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. ഇന്നലെ ബെസ്റ്റ് ക്രഷറിൽ നിന്ന് ടാർമിക്‌സ് മെറ്റൽ നിറച്ച് വന്നിരുന്ന ടോറസ് ടിപ്പറുകളായിരുന്നു തടഞ്ഞത്.
പൊലീസിനെയും ഇവർ വിവരം അറിയിച്ചിരുന്നു. എന്നാൽ റോഡ് നിർമ്മാണം മഴക്കാലത്തിന് മുൻപ് തീർക്കേണ്ടതിനാൽ ക്രഷറുകളുടെയും ടാർ മിക്‌സിംഗ് യൂനിറ്റുകളുടെയും പ്രവർത്തനം അവശ്യ സർവ്വീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചാണ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് എന്നിവരെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി എസ്.ഐ: പി.ആർ. രാജീവിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി, കുന്നംകുളം സ്റ്റേഷനുകളിൽ നിന്ന് പൊലീസ് എത്തിയാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.