പരിയാരം: അജിത് ബാബു എന്ന കൊച്ചുമിടുക്കന്റെ മന്ത്രിക വിരലുകളിൽ വിരിയുന്ന കലാസൃഷ്ടികൾ നിരവധി. മണ്ണ് കൊണ്ടുള്ള മാൻ, പ്രാവ്, അണ്ണാൻ, ചിരട്ട കൊണ്ടുള്ള മൂങ്ങ, കുരങ്ങൻ, പേപ്പർ ഉപയോഗിച്ച് ലോറി, ജീപ്പ്, നായ, ബസ്, കപ്പൽ, പാഴ്‌തുണികൾ ഉപയോഗിച്ച് ആന തുടങ്ങിയവ ഇതിൽ ചിലത് മാത്രം. പെൻസിൽ ഡ്രോയിംഗിലും മിടുക്കനാണ് അജിത്.
പരിയാരം സ്വദേശി വെമ്പിളിയാൻ ബാബു - ജീന ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഈ അഞ്ചാം ക്ലാസുകാരൻ. മോഹൻ ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടി ലൂസിഫറിൽ ലാലിന്റെ നിരവധി ചിത്രങ്ങളും വരച്ചിട്ടുണ്ട്. പ്രകൃതിയിലെ ജീവജാലങ്ങളും ചിത്രരചനയിൽ വിരിയുന്ന ചിത്രങ്ങളാണ്.
മൂന്ന് വയസ് മുതൽ മണ്ണ് കുഴച്ച് തുടങ്ങിയ അജിത് ഒന്നാം ക്ലാസിലും മൂന്നാം ക്ലാസിലും ക്ലേ മോഡലിംഗിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനനേടി. ഈ വർഷം ഉപജില്ല തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്ലേ മോഡലിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും ഈ കൊച്ചുകലാകാരനെ തേടിയെത്തിയിട്ടുണ്ട്. എന്തെങ്കിലും വരയ്ക്കാൻ തുടങ്ങിയാൽ എത്ര വൈകിയാലും പൂർത്തിയായേ ഉറങ്ങാറുള്ളൂവെന്ന് പിതാവ് ബാബു പറയുന്നു.
അജിതിന്റെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാൻ പെട്ടി ഓട്ടോ റിക്ഷാ തൊഴിലാളിയായ ബാബുവിന് സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിയുന്നില്ല. ബാബുവും ഭാര്യ ജീനയും മക്കളായ അജയ്, അജിത്, ആൻഡ്രോസ് എന്നിവരടങ്ങുന്നതാണ് കുടുംബം. ബൈപാസ് സർജറി കഴിഞ്ഞ ബാബു, ഓട്ടോറിക്ഷ ഓടിക്കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു നയിക്കുന്നതിനിടെ കുട്ടിയെ പരിശീലിപ്പിക്കാൻ പണമെവിടെയെന്നാണ് കുടുംബം ചോദിക്കുന്നത്.