തൃശൂർ: പ്രളയ മുൻകരുതലിന്റെ ഭാഗമായി തൃശൂർ കോർപറേഷൻ പരിധിയിൽ പുനരധിവാസ ഷെഡുകൾ സ്ഥാപിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രളയ സന്നദ്ധ സേന രൂപീകരിക്കാനായി 100 പേരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകും. ദുരന്തനിവാരണത്തിനായി 10 ഫൈബർ ബോട്ടുകളും 10 പെഡൽ ബോട്ടുകൾ, രണ്ട് ഡിങ്കി ബോട്ടുകൾ, 10 കൊട്ടവഞ്ചികൾ, 100 ലൈഫ് ജാക്കറ്റുകൾ, 100 ലൈഫ്‌ബോയ്, 10 സ്റ്റീൽ കോണികൾ, 10 വടങ്ങൾ, 2 ഹിറ്റാച്ചി 80 എൻജിനുകൾ, രണ്ട് ബാർജുകൾ, മൾട്ടി ലയർ കോട്ട്ഡ് വിത്ത് ബെഡ് 500 എണ്ണം, 10 മോഡുലാർ ടോയ്‌ലറ്റുകൾ തുടങ്ങിയവയും ലഭ്യമാക്കും.

പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും ചേർന്ന കൗൺസിലിലാണ് തീരുമാനമായത്. മുൻവർഷങ്ങളിലെ പ്രളയത്തിന്റെ വെളിച്ചത്തിലാണ് ഈ വർഷം അതിവേഗം പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനമായത്. ഇതിനായി കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ തോടുകളിലും ചാലുകളിലും അടിഞ്ഞുകൂടിയ മണ്ണും കനാലുകളിലെ ചണ്ടിയും, ജലത്തിന്റെ ഒഴുക്കിന് തടസ്സമായ എല്ലാവിധ വസ്തുക്കളും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നീക്കുന്ന പ്രവർത്തനം 90 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു.

ഒരു കോടി 65 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൂടാതെ ഡിവിഷനുകളിലെ ചെറുകാനകളും ചാലുകളും വൃത്തിയാക്കി ജലം ഒഴുക്ക് സുഗമമാക്കുന്ന പ്രവൃത്തിക്ക് 35000 രൂപ വീതം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും നൽകി.