തൃശൂർ: ജില്ലയിലെ സെൻട്രൽ തപാൽ ഓഫീസിനു കോർപറേഷൻ പരിധിയിൽ പുതിയ കെട്ടിടം ഒരുങ്ങും. പൊളിച്ചു മാറ്റിയ പഴയ കെട്ടിടത്തിന് പകരമായാണ് തപാൽ ഓഫീസിനു പുതിയ കെട്ടിടം നിർമിച്ചു നൽകുന്നത്. മേയർ അജിത ജയരാജന്റെ നേതൃത്വത്തിൽ ചേർന്ന കൗൺസിലിലാണ് ഇതിന് തീരുമാനം ആയത്. തൃശൂർ പട്ടാളം റോഡിലുള്ള ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്താണ് പുതിയ കെട്ടിടം പണി തീർക്കുക. ഇതിനാവശ്യമായ 16.5 സെന്റ് സ്ഥലം വിട്ടു നൽകിയിരുന്നു. വികസനത്തിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള റോഡ് വീതി കൂട്ടുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയത്. പൊളിച്ചു മാറ്റിയ സ്ഥലത്ത് പുതിയ റോഡ് നിർമിക്കും. ജല വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ വിവിധയിനം പരാതികൾ പരിഹരിക്കുന്നതിന് നടത്തിയ അദാലത്തിൽ ആദ്യഘട്ടത്തിൽ 113 പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിച്ചു.