കൊടുങ്ങല്ലൂർ: അലാവുദ്ദീൻ അത്ഭുത വിളക്ക് തുറന്ന് ജിന്നിനെ മോചിപ്പിച്ച പോലെ ആരോ തുറന്ന് വിട്ട് കേരളത്തിലെത്തിയ കൊറോണയ്ക്കുണ്ടായ ആദ്യാനുഭവമെഴുതിയ ഇമ ഋഷിയുടെ രചന വിദ്യാഭ്യാസ വകുപ്പിന്റെ അക്ഷര വൃക്ഷം പുസ്തകത്തിൽ ഇടം കണ്ടെത്തി. ലോക്ക് ഡൗൺ പാശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കോവിഡ് 19 കഥാപുസ്തകമായ അക്ഷര വൃക്ഷത്തിലെ നാൽപ്പത്തിയേഴാം പേജിലാണ് ആദ്യാനുഭവമെന്ന ഈ കഥ ഇടം കണ്ടെത്തിയത്.
ലോക്ക് ഡൗൺ പാശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ തന്നെ അവധിക്കാലം ചെലവഴിച്ച ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) അക്ഷരവൃക്ഷം പ്രസിദ്ധപ്പെടുത്തിയത്. എല്ലാരെയും സ്നേഹിക്കാൻ മാത്രമറിയുന്ന കൊറോണ ആര് ക്ഷണിച്ചാലും കൂടെപ്പോകുമെന്നും എന്നാൽ തൊട്ടുവിളിക്കണമെന്നുണ്ടെന്നും സ്നേഹിച്ച് കൊല്ലുക എന്നതാണ് തന്റെ ദൗത്യമെന്നും ഇമ വ്യക്തമാക്കുന്നു.
എല്ലാരും ഹൃദയത്തിൽ കയറിയാണ് സ്നേഹം പ്രകടിപ്പിക്കുന്നതെങ്കിൽ ശ്വാസകോശത്തിൽ കയറിയാണ് സ്നേഹിക്കാൻ തുടങ്ങുകയെന്നും കേരളത്തിലെത്തിയപ്പോൾ മാത്രമേ സ്നേഹിച്ചയാൾ തന്നെ കൊന്നതെന്ന് വിശദമാക്കിയാണ് ഇമ ആദ്യാനുഭവം അവസാനിപ്പിച്ചത്. ഇമയുടെ ഭാവനയെ പ്രശംസിച്ച് ഇനിയും എഴുതാനുള്ള പ്രോത്സാഹനമേകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എഴുതിയ കത്തും ഈ കഥാകാരിക്ക് ലഭിച്ചിട്ടുണ്ട്.
കൊറോണ ഭീഷണിയെ ഇത്തിരിപ്പോന്നൊരു ഭീകരനും എല്ലാമറിയുന്ന മനുഷ്യരും തമ്മിലുള്ള മഹായുദ്ധമുണ്ടാക്കിയിട്ടുള്ള ഭീതിജനകമായ അവസ്ഥയെ വരികളിലാക്കിയുള്ള മൗന യുദ്ധമെന്ന ഇമയുടെ കവിതയും ഏറെ പ്രശംസ പിടിച്ചു പറ്റി. എസ്.എൻ.ഡി.പി.യോഗം നായ്ക്കുളം 4045 ശാഖാ വൈസ് പ്രസിഡന്റ് ചക്കുങ്ങൽ ശ്രീജിവ്കുമാറിന്റെയും (ഋഷികേശ്) സ്മിതയുടെയും ഏക മകളാണ് ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായ ഇമ.