ചാലക്കടി: മേലൂർ പഞ്ചായത്തിലെ കമ്മ്യൂണി കിച്ചൺ പ്രവർത്തനം അവസാനിപ്പിച്ചു. കല്ലുത്തി സ്‌കൂളിൽ 52 ദിവസത്തെ പ്രവർത്തനത്തിന് ശേഷമാണ് പായസം അടക്കമുള്ള ഉച്ച ഭക്ഷണത്തോടെ അടുക്കളയ്ക്ക് താഴിട്ടത്. 138 പേർക്ക് രണ്ടു നേരവുമുള്ള ഭക്ഷണം നൽകാനായത് പഞ്ചായത്ത് ഭരണ സമിതിയുടെ നേട്ടമായി. നാലു ലക്ഷം രൂപ ഇതിനായി ചെലവു വന്നുവെന്നും ഇതിൽ ഒരു ലക്ഷം നാടിന്റെ സംഭാവനയാണെന്നും പ്രസിഡന്റ് പി.പി. ബാബു പറഞ്ഞു. മറ്റു നിരവധി പേർ പലവ്യഞ്ജനങ്ങളും അടുക്കളയിലേക്ക് എത്തിച്ചു. സുമനസുകളുടെ സഹായത്താൽ ചില ദിവസങ്ങളിൽ മാംസാഹാരവും നൽകാനായി. ചാലക്കുടി നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ദിവസം നീണ്ടുനിന്നത് മേലൂരിലെ സമൂഹ അടുക്കളയാണ്. അടുക്കള നിറുത്തിയാലും തീരെ അവശരായ ഏതാനും പേർക്ക് ഭക്ഷണം എത്തിക്കാൻ മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തും. മേയ് അവസാനം ജനകീയ ഹോട്ടൽ തുറക്കുന്നതോടെ ഇവർക്ക് പഞ്ചായത്തിന്റെ ചെലവിൽ ഭക്ഷണം എത്തിക്കും.