ചാലക്കുടി: വർഷങ്ങളായി വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ദേശീയപാത കോടതി ജംഗ്ഷനിലെ അടിപ്പാതയുടെ നിർമ്മാണം ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. എൻ.എച്ച് പ്രൊജക്ട് ഡയറക്ടർ നിർമ്മൽ സാതേ, കെ.എം.സി സി.ഇ.ഒ: നിരഞ്ജൻ റെഡ്ഡി എന്നിവർ, ബി.ഡി. ദേവസി ദേവസി എം.എൽ.എയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. മൂന്നു വർഷം മുമ്പ് ആരംഭിച്ച അടിപ്പാത നിർമ്മാണമാണ് അടിത്തട്ടിൽ തന്നെ നിൽക്കുന്നത്. ദേശീയ പാത അതോറിറ്റി ഫണ്ട് അനുവദിക്കാത്തതായിരുന്നു പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കിയത്. 16 കോടി രൂപയുടെ ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് പുതുക്കിയപ്പോൾ 24 കോടിയുടേതായി മാറി. ഇതാണ് കേന്ദ്ര അംഗീകാരത്തിന് തടസമായത്. ഇതിനിടെ ഉപകരാറുകാർക്ക് പണം നൽകാത്ത കെ.എം.സി കമ്പനിയുടെ നിലപാടും നിർമ്മാണത്തെ ബാധിച്ചു. ഇതേച്ചൊല്ലി നിരവധി രാഷ്ട്രീയ സമരങ്ങളും അരങ്ങേറി.