കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ ചിത്രകാരന്മാരുടെ ചിത്രങ്ങൾ ഫേസ് ബുക്ക് പേജിലൂടെ ഓൺലൈൻ ലേലം നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചു. പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന ലേല പരിപാടി നടന്നത്. കേരളത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിതെന്ന് സംഘാടകർ പറഞ്ഞു.
3,800 ൽ അധികം പേർ ലേല സമയത്ത് ഓൺലൈനിലെത്തി. പതിനായിരം രൂപയ്ക്കാണ് രണ്ട് ചിത്രങ്ങൾ ലേലത്തിൽ നൽകിയത്. നിരവധിയാളുകൾ ചിത്രങ്ങൾക്ക് സംഭാവനയും നൽകി. ശിൽപ്പി ഡാവിഞ്ചി സുരേഷ്, പിക്കാസോ ഉണ്ണി, സുധി കൊടുങ്ങല്ലൂർ, സാനു മാസ്റ്റർ, രഹ്ന, യുവകലാകാരികളായ ശ്രീലക്ഷ്മി, മിസ്മി എന്നിവരുടെ ചിത്രങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ ഓൺലൈൻ ലേലം ഉദ്ഘാടനം ചെയ്തു.
പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ് യു.കെ സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് അഡ്വ. എം. ബിജുകുമാർ, മേഖല സെക്രട്ടറി സി.എ നസീർ മാസ്റ്റർ എന്നിവർ ലേല നടത്തിപ്പ് വിശദീകരിച്ചു. ആർ.കെ ബേബി ചിത്രകാരന്മാരെയും ചിത്രത്തെയും പരിചയപ്പെടുത്തി. വി. മനോജ്, ടി.കെ രമേഷ് ബാബു, ഇ.എം ജലീൽ എന്നിവർ വിവിധ സമയങ്ങളിൽ ലേലത്തിൽ സംബന്ധിച്ചു. തങ്കരാജ് ആനാപ്പുഴ, എ.പി സ്നേഹലത, യു.കെ സുരേഷ് കുമാർ എന്നിവരുടെ കവിതാലാപനവും നടന്നു...