ചാവക്കാട്: തമിഴ്‌നാട്ടിൽ നിന്നും ലോറിയിൽ കൊണ്ടുവന്ന സവാള മഴ പെയ്ത് നനഞ്ഞു തുടങ്ങിയപ്പോൾ ചേറ്റുവ പാലത്തിനടിയിൽ ചൊരിഞ്ഞ്, കിട്ടിയ വിലയ്ക്ക് വിൽപ്പന നടത്തി. മഴ കൊണ്ടതിനെ തുടർന്ന് സവാള ചീഞ്ഞു തുടങ്ങിയതായും പറയുന്നു. വിലക്കുറവിൽ സവാള ലഭിക്കുമെന്നറിഞ്ഞതോടെ ജനങ്ങൾ ഇവിടെ കൂട്ടമായെത്തി. കിലോയ്ക്ക് എട്ട് രൂപ മുതൽ 10 രൂപ വരെയായിരുന്നു വില. സാമൂഹിക അകലം പാലിക്കാതെ തന്നെ ചാക്കുകളിൽ സവാളയും വാങ്ങി ആളുകൾ മടങ്ങി. രണ്ടു ദിവസം മുൻപ് ലോറി ചേറ്റുവയിൽ എത്തുകയും മഴ വന്ന് സവാള നനഞ്ഞതിനാൽ അത് ഉണക്കുന്നതിനായി പാലത്തിനടിയിൽ ചൊരിയുകയായിരുന്നു. സംഭവമറിഞ്ഞ് ആവശ്യക്കാർ ചാക്കുകളുമായി ഇവിടെക്കെത്തുകയായിരുന്നു.