തൃശൂർ: ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച മൂർക്കനിക്കര സ്വദേശി ചെന്നൈയിൽ നിന്നും വാളയാറിൽ എത്തിയത് പാസ് ഇല്ലാതെ . കഴിഞ്ഞ 15 നാണ് ഇദ്ദേഹവും സുഹൃത്തും കൂടി വാളയാറിൽ എത്തിയത്. സുഹൃത്തിൻ്റെ മൊബൈൽ നമ്പറാണ് രണ്ടു പേരിനും ഒപ്പം പാസിനുള്ള അപേക്ഷയിൽ ഉണ്ടായിരുന്നത്. ശരിയായ ഫോൺ നമ്പരായിരുന്നതിനാൽ സുഹൃത്തിന് മാത്രമാണ് കളക്ടറേറ്റിൽ നിന്ന് പാസ് അനുവദിച്ചത്.

സുഹൃത്തിനെ തൃശൂരിലേക്ക് യാത്ര തുടരാൻ അനുവദിച്ചു. എന്നാൽ കൂടെയുള്ളയാളിനെ വാളയാറിലെ പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനാൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് പൊസിറ്റീവ് ആണെന്ന് തെളിഞ്ഞത്. റെഡ് സോണായ ചെന്നൈയിൽ നിന്ന് ഇരുവരും ബൈക്കിലാണെത്തിയത്. ഒപ്പം യാത്ര ചെയ്ത സുഹൃത്തിനെ വീട്ടിൽ നിന്നും മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒല്ലൂർ സ്വദേശിയാണ് സുഹൃത്ത്.

യാത്രാരേഖകൾ കൃത്യമല്ലാതെ ആരും കേരളത്തിലേക്ക് വരരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകി.