തൃശൂർ : വേനൽ പിന്നിട്ട് കാലവർഷത്തിലേക്ക് നീങ്ങുമ്പോഴും ജലസമൃദ്ധിയിലാണ് ഡാമുകൾ. മുൻകാലങ്ങളിൽ വേനൽ കടുക്കുന്നതോടെ ജലനിരപ്പ് ഏറെ താഴുമായിരുന്നു. ആ അവസ്ഥയിലാണ് ഇത്തവണ പ്രധാന ഡാമുകളിൽ മുക്കാൽ ഭാഗത്തോളം വെള്ളം ഉള്ളത്. കാലവർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. നിലവിൽ മഴ ശക്തമായാൽ ജില്ലയിലെ ഭൂരിഭാഗം ഡാമുകൾ ഉടൻ നിറയുന്ന സാഹചര്യമാണ്.
2018 ലെ പ്രളയത്തിൽ ഡാമുകൾ നിറഞ്ഞെങ്കിലും അനിയന്ത്രിതമായി തുറന്നു വിട്ടതോടെ കഴിഞ്ഞ വർഷം ഡാമുകളിൽ വെള്ളം കുറവായിരുന്നു. അതിനാൽ കഴിഞ്ഞ വർഷം കനാലിലൂടെ വെള്ളം തുറന്ന് വിട്ടത് നിയന്ത്രിത അളവിലായിരുന്നു. എന്നാൽ 2019 ലെ കാലവർഷത്തിൽ ഡാമുകൾ വീണ്ടും നിറയുകയും സംഭരണ ശേഷി കൃത്യമായി കണക്കാക്കി ഷട്ടറുകൾ അടച്ചതും ഗുണകരമായി. ഇത്തവണ ആഴ്ച്ചകളോളം പല മേഖലകളിലേക്കും വെള്ളം തുറന്നു വിട്ടിരുന്നു. പീച്ചി, ചിമ്മിനി, വഴാനി എന്നി ഡാമുകളിൽ പീച്ചിയിലാണ് എറ്റവും കൂടുതൽ വെള്ളം ഉള്ളത്.
ഇതിനിടയിൽ വൃഷ്ടി പ്രദേശത്ത് ലഭിച്ച വേനൽമഴയും ജലനിരപ്പ് ഉയരാൻ ഇടയാക്കി. പീച്ചി പ്രദേശത്ത് ഇടതുകര കനാലിലൂടെ കാർഷികാവശ്യത്തിന് വെള്ളം തുറന്നു വിടുന്നുണ്ട്. വാഴാനി ഡാമിൽ നിന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി കനാലിലൂടെ വെള്ളം തുറന്നു വിട്ടിരുന്നു. കൂടാതെ എതാനും ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ഷട്ടറുകൾ തുറന്നിരുന്നു. ഇത് ഇന്നോ നാളെയോ അടയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. വടക്കാഞ്ചരി, ഏരുമപ്പെട്ടി, വേലൂർ പ്രദേശങ്ങളിലേക്ക് വരെ വാഴാനിവെള്ളം എത്തുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം ഇത്തവണ അനുഭവപ്പെട്ടിരുന്നില്ല. കൂടാതെ പൂമല, അസുരൻകുണ്ട്, പെരിങ്ങൽകുത്ത് തുടങ്ങിയ ഡാമുകളിലും മുൻകാലങ്ങളെക്കാൾ വലിയ തോതിൽ വെള്ളം ഉണ്ട്.
ഡാമുകളിലെ നിലവിലെ ജലനിരപ്പും സംഭരണ ശേഷിയും
പീച്ചി 67.71 മീറ്റർ 69.25
വാഴാനി 47.29 മീറ്റർ 62.48
ചിമ്മിനി 59.29 മീറ്റർ 76.4
....................
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി വൈദ്യുതി ഉത്പാദനത്തിന് ശേഷം ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടും. നാളെ രാവിലെ എഴിന് ഡാമിന്റെ റിവർ സ്ലൂയിസ് തുറന്ന് വൈദ്യുതി ഉത്പാദനം നടത്തും. ഉത്പാദന ശേഷം വരുന്ന ജലം നിയന്ത്രിത അളവിൽ മണലിപ്പുഴയിലേയ്ക്ക് തുറന്നു വിടും. ഇതിന്റെ ഭാഗമായി മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ, പുഴയിൽ മത്സ്യബന്ധനം നടത്തുന്നവർ, മറ്റ് നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം
ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ