ena
കേരളകൗമുദി റിപ്പോർട്ട്

തൃശൂർ: ഏനാമാവിലെ താത്കാലിക ബണ്ട് കാലവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ സമയബന്ധിതമായി പൊളിച്ചുനീക്കണമെന്ന് മേജർ ഇറിഗേഷൻ വകുപ്പിന് തൃശൂർ കോർപറേഷൻ കൗൺസിൽ നിർദ്ദേശം നൽകി. തോടുകളിലും ചാനലുകളിലെയും ചീർപ്പുകൾ നിർമിച്ചു കഴിഞ്ഞാൽ യഥാസമയം പരിപാലിക്കുന്നതിനുള്ള നിർദ്ദേശം പാടശേഖരസമിതിക്ക് നൽകാൻ മൈനർ ഇറിഗേഷൻ വകുപ്പിനോടും ആവശ്യപ്പെട്ടു. അതേസമയം ഏനാമാവിലെ ബണ്ട് നിർമ്മാണം കരാറുകാരെക്കൊണ്ട് ചെയ്യിക്കാതെ ഉദ്യോഗസ്ഥർ വർഷങ്ങളായി അഴിമതി നടത്തുകയാണെന്ന ആരോപണവും ശക്തമായി.

മദ്ധ്യഭാഗത്തായി പ്രധാനബണ്ടും വശങ്ങളിലായി രണ്ട് ബണ്ടുകളുമാണ് നിർമ്മിക്കേണ്ടത്.

വശങ്ങളിലേത് കരാറുകാരനെ കൊണ്ട് ചെയ്യിക്കാതെ, പണം ഉദ്യോഗസ്ഥരും കരാറുകാരനും പങ്കിടുകയാണെന്ന് പറയുന്നു. കരാറുകാരൻ ജനുവരിയിൽ പ്രധാന ബണ്ട് മാത്രം ചെയ്ത് പണി അവസാനിപ്പിക്കും. എക്സിക്യൂട്ടിവ് എൻജിനിയർമാർ ഫൈനൽ ലെവൽ എടുക്കുന്നതിന് നിർദ്ദേശം നൽകാറുമില്ല. പ്രധാനബണ്ടിൽ നിന്നും 60 സെന്റീമീറ്റർ (2 അടി) താഴെ വരെ വശങ്ങളിലെ ബണ്ടുകൾ മണ്ണിട്ട് ഉയർത്തേണ്ടതാണെങ്കിലും അത് ചെയ്യാറില്ല. എസ്റ്റിമേറ്റിൽ തുക കൂട്ടുന്നതിനായാണ് സൈഡ് ബണ്ടുകൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുന്നത്. വശങ്ങളിലെ ബണ്ടുകൾ ഇല്ലാതെ തന്നെ ബണ്ടിന് ബലക്ഷയം ഉണ്ടാകില്ലെന്നും വിദഗ്ധർ അടിവരയിടുന്നുണ്ട്. ബണ്ട് പൊളിക്കാത്തത് നഗരത്തിൽ വെളളപ്പൊക്കത്തിന് വഴിവെയ്ക്കുമെന്നും നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റ് ആരോപണങ്ങൾ ഇവ

ചിറയ്ക്ക് മുകളിലുള്ള അധിക ജലം പോകുന്നതിന് രണ്ട് താത്കാലിക കഴകൾ തമ്പകം മരം ഉപയോഗിച്ച് മരപ്പെട്ടി നിർമ്മിക്കാറുണ്ട്. അതിൽ മണൽച്ചാക്കുകൾ അടക്കി കഴകൾ അടച്ച് വെക്കുന്നതിന് എസ്റ്റിമേറ്റും ഉണ്ടാക്കും. മുഴുവനായി മണൽ ചാക്കുകൾ അടുക്കുന്നതിന് പകരം രണ്ട് അരികിൽ മാത്രം മണൽച്ചാക്കുകൾ വെച്ച് നടുവിൽ മണ്ണിട്ട് നിറക്കുന്നു. മരപ്പെട്ടികൾക്കു പകരം മുളയാണ് ഉപയോഗിക്കുന്നത്.

വാച്ച്മാനെ നിയോഗിക്കാൻ ആവശ്യമില്ലെങ്കിലും എസ്റ്റിമേറ്റിൽ കൊള്ളിക്കുന്നു. ബണ്ട് നിറക്കാനുള്ള മണ്ണ് 20 കിലോമീറ്റർ പരിധിയിൽ നിന്നും കൊണ്ടുവന്ന് കരാറുകാരൻ ജോലി ചെയ്യിക്കുമ്പോൾ 60 കിലോമീറ്റർ അകലെ നിന്നും കൊണ്ടുവരുന്നതായി എസ്റ്റിമേറ്റിൽ കാണിച്ച് തുക കൂട്ടി പണം കൊള്ളയടിക്കുന്നു.

ബണ്ട് നിർമ്മിക്കുന്നതിനുള്ള മണ്ണ് ജിയോളജി വകുപ്പാണ് അനുവദിക്കുന്നത്. എത്ര മണ്ണ് അനുവദിച്ചിട്ടുണ്ടെന്നും എവിടെ നിന്നാണെന്നും എത്ര ദൂരമുണ്ടെന്നും വകുപ്പിൽ നിന്ന് വ്യക്തമായിട്ടും അഴിമതി തെളിയുന്നില്ല. മുള, കയർ, കമ്പി എന്നിവ ആവശ്യമുള്ളതിനേക്കാളും ഇരട്ടിയാണ് എസ്റ്റിമേറ്റിൽ കാണിക്കുന്നത്.

....................


''ബണ്ട് പൂർണ്ണമായും പൊളിക്കാതെ അടുത്ത വർഷവും നിർമ്മാണം നടത്തി ഉദ്യോഗസ്ഥർ പണം തട്ടിയെടുക്കുകയാണ്. ബണ്ട് പൊളിക്കുന്നതോടെ തെളിവുകൾ നഷ്ടപ്പെടുന്നതു കൊണ്ട് അഴിമതികൾ പിടിക്കപ്പെടുന്നില്ല. ''

അഡ്വ. സി.എം.മഹേന്ദ്ര,

സംസ്ഥാന ജനറൽ സെക്രട്ടറി
കാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ്സ്