ഉദ്യോഗസ്ഥരും കരാറുകാരും പണം തട്ടുന്നുവെന്ന്


തൃശൂർ: കേരളത്തിൽ ഇക്കൊല്ലവും പ്രളയത്തിന് സാദ്ധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും തൃശൂരിന്റെ നഗരപരിസരങ്ങളിൽ നിന്ന് മഴവെള്ളം ഒഴുകിപോകേണ്ട കനാലുകളിൽ നിറഞ്ഞുകവിഞ്ഞ് ചണ്ടിയും കുളവാഴയും. ഇറിഗേഷൻ വകുപ്പിന് മൂന്ന് വർഷം കാലാവധിയിൽ ടെൻഡർ നൽകിയിട്ടുള്ള കനാലുകളിലാണിത്. കഴിഞ്ഞ മാർച്ച് വരെ കരാർ കാലാവധി ഉണ്ടായിരുന്നു. എന്നാൽ പണി പൂർത്തീകരിക്കാതെ ബില്ലെഴുതി കൊടുത്തിരിക്കുകയാണെന്നാണ് ആരോപണം.

കർഷകരുടെ പരാതികളെ തുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ചണ്ടിവാരുന്ന ജോലികൾ മൂന്ന് വർഷ കരാർ അടിസ്ഥാനത്തിൽ കരാറുകാരെയും പാടശേഖര സമിതികളെയും ഏൽപ്പിച്ചത്. ഈ വ്യവസ്ഥ തുടരണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ പഴയ ഉദ്യോഗസ്ഥർ സ്ഥലം മാറിയതോടെ, പിന്നീട് ചാർജെടുത്തവർ വ്യവസ്ഥ തകിടം മറിച്ചു. ഇപ്പോൾ ഒരു വർഷ കരാർ അടിസ്ഥാനത്തിലാണ് ടെൻഡർ. 3 വർഷ കരാറിൽ കനാലിൽ ചണ്ടി വളരാതിരിക്കുന്നതിനും കനാൽ വൃത്തിയാക്കിയിടുന്നതിനും കരാറുകാർക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. കോൾ കർഷകർക്ക് അത് ആശ്വാസവുമായിരുന്നു. കരാറുകാരുമായുള്ള ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ട് വ്യവസ്ഥ അട്ടിമറിക്കാൻ കാരണമായെന്നാണ് ആക്ഷേപം.


ചണ്ടിനിറഞ്ഞ തോടുകൾ, കനാലുകൾ:
കണിമംഗലം തോട്, വഞ്ചിക്കുളം തോട്, എൽത്തുരുത്ത് മുപ്പുഴ ജംഗ്ഷൻ മുതൽ ഏനാമാക്കൽ വരെയുള്ള ചേറ്റുപുഴ കനാൽ, വിയ്യൂർ തോട്, പുഴക്കൽ തോട്, കുണ്ടുവാറ , താണിക്കുടം പുഴ

മറ്റ് ആരോപണങ്ങൾ:

# ടെൻഡർ നടത്തി കരാർ ഏർപ്പാടാക്കിയിട്ടും ജോലികൾ കൃത്യമായി ചെയ്യിക്കാതെ ഉദ്യോഗസ്ഥർ പണം തട്ടുന്നു

# പല കനാലുകളിൽ പ്രവൃത്തികൾ ചെയ്യുന്നത് ഒരേ കരാറുകാരനായതിനാൽ ക്രമക്കേടിന് സാദ്ധ്യത.

# ഇടിയഞ്ചിറ, ഏനാമാക്കൽ, മുനയം ചിറകൾ പൊളിക്കാത്തതിനാലുണ്ടായ വെള്ളക്കെട്ടും അനാസ്ഥ കാരണം


വിൽവട്ടം മേഖലയിലും ആശങ്ക


മാർച്ച് ആദ്യം 'ഇനി ഞാൻ ഒഴുകട്ടെ' പരിപാടിയുടെ ഭാഗമായി അയ്യന്തോൾ, പുഴയ്ക്കൽ ഭാഗങ്ങളിൽ തോടുകൾ വൃത്തിയാക്കൽ കോർപറേഷൻ ആരംഭിച്ചത് അന്തിമഘട്ടത്തിലാണെങ്കിലും പ്രധാന ജലസ്രോതസുകളിൽ ഒന്നും നടന്നിട്ടില്ല. കൊവിഡ് 19 ഭീഷണി മൂലം വൈകിപ്പോയ ദർഘാസ് നടപടികൾ പൂർത്തിയാക്കിയ കോർപറേഷൻ, കരാറുകൾ ഉറപ്പിച്ചെങ്കിലും വിൽവട്ടം മേഖലയിൽ തോടുകൾ വൃത്തിയാക്കുന്ന പണികൾ പോലും ആരംഭിച്ചിട്ടില്ല. അപ്രതീക്ഷിത മഴ കൂടിയെത്തിയതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിച്ചു.


'' മൂന്നു വർഷത്തെ കരാർ കാലാവധി ഒരു വർഷമായി ചുരുങ്ങിയതോടെ പണം തട്ടാനുള്ള സാദ്ധ്യത കൂടുകയാണ്. കൂടുതൽ ദൂരം വൃത്തിയാക്കിയതായി കാണിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ''
- അഡ്വ. സി.എം. മഹേന്ദ്ര, സംസ്ഥാന ജനറൽ സെക്രട്ടറി,

കാമ്പയിൻ ഫൊർ പീപ്പിൾസ് റൈറ്റ്‌സ്‌