കാളമന ചെപ്പേടുകൾ പറയുന്നത് 200 വർഷത്തെ ചരിത്രവഴികൾ
വടക്കെക്കാട്: പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറായ സുരേന്ദ്രൻ മങ്ങാട്ടിന്റെ ചരിത്ര നോവൽ പ്രകാശനം ചെയ്തു. സർവ്വം കാലകൃതം എന്ന നോവലിലൂടെ ഭീഷ്മരുടെ ഹൃദയവ്യഥകളെ വായനക്കാരിലേക്കെത്തിച്ച എഴുത്തുകാരനും സംവിധായകനുമായ അരിമ്പൂർ എറവ് സ്വദേശി സുരേന്ദ്രൻ മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവലാണ് 'കാളമന ചെപ്പേടുകൾ'.
ഇരുനൂറ് വർഷം നീളുന്ന മദ്ധ്യകേരളത്തിന്റെ പ്രാദേശിക ചരിത്രത്തിലൂടെയുള്ള നീണ്ട യാത്രയാണ് കാളമന ചെപ്പേടുകൾ എന്ന നോവൽ. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം എഴുത്തുകാരൻ സി.ആർ. പരമേശ്വരൻ, കവി ഡോ. സി. രാവുണ്ണിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. പ്രശസ്ത ഗായകൻ ജയചന്ദ്രൻ പുസ്തകത്തിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.
അഞ്ച് വർഷത്തെ ഗവേഷണവും എഴുത്തും വേണ്ടിവന്നു സുരേന്ദ്രന് ഈ നോവൽ പൂർത്തിയാക്കാൻ. അഷറഫ് പാലിയത്ത്, കവി സെബാസ്റ്റ്യൻ തുടങ്ങിയ ഏതാനും പേർ മാത്രമാണ് പ്രകാശനച്ചടങ്ങിൽ പങ്കെടുത്തത്.
കേരള പൊലീസ് ആദ്യമായി പുറത്തിറക്കിയ മുഴുനീള ഫീച്ചർ ഫിലം ഡയൽ 1091ന്റെ കഥയും തിരക്കഥയും ഒരുക്കിയത് വടക്കെക്കാട് എസ്.എച്ച്.ഒ കൂടിയായ സുരേന്ദ്രൻ മങ്ങാട്ടാണ്. രാഹുൽ വയസ് 15, ദ്വീപുകൾ, അപ്പുറം, വിരൽ ചിത്രങ്ങൾ, തിരുത്ത് തുടങ്ങിയ ടെലി ഫിലിമുകൾക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട് കാക്കിയിട്ട ഈ കലാകാരൻ. വിജിലൻസിന് വേണ്ടി തയ്യാറാക്കിയ 'നിശബ്ദരാകരുത്' എന്ന ടെലി ഫിലിമിന്റെ കഥയും, തിരക്കഥയും, സംവിധാവനവും നിർവഹിച്ചിരിക്കുന്നത് സുരേന്ദ്രൻ മങ്ങാട്ടാണ്.
ഭാര്യ സ്മിത, മക്കളായ ശ്രദ്ധ, ജീത്ത് എന്നിവരാണ് സുരേന്ദ്രന്റെ കാവ്യഭാവനകൾക്ക് പിന്തുണയേകി കൂടെയുള്ളത്.
കാളമന ചെപ്പേടുകൾ
എറണാകുളം, ഗോതുരുത്ത്, കൊടുങ്ങല്ലൂർ, പാവറട്ടി, വെണ്മേനാട് തുടങ്ങിയ പ്രാദേശിക മേഖലയിലെ സാമൂഹിക രാഷ്ട്രീയ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് കാളമന ചെപ്പേടുകൾ. രചനാ ശൈലി കൊണ്ടും അവതരണ ഭംഗി കൊണ്ടും ശ്രദ്ധേയമാണ് ഈ നോവൽ.