പുതുക്കാട്: കുറുമാലിപ്പുഴയിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന വസ്തുക്കൾ കാലവർഷത്തിന് മുമ്പ് നീക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പുതുക്കാട്, പറപ്പൂക്കര ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റികളുടെ നേത്യത്വത്തിൽ ധർണ്ണ. ഒരേസമയം നാലിടത്ത് നടത്തിയ ധർണ്ണ കുറുമാലി പാലത്തിനു മുകളിൽ സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, നേതാക്കളായ സിജു പുതുക്കാട്, അരുൺകുമാർ, വടുതല നാരായണൻ, പി.ആർ. തിലകൻ, രാമദാസ് നെല്ലയി, വൈശാഖ്, രജത്ത് നാരായണൻ, വിനി ബിജോയ്, സിമി രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ദേശീയ പാതയിൽ രണ്ട് പാലങ്ങളുടെയും ഇരുവശത്തും, പുതുക്കാട്, പറപ്പൂക്കര പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവയ്ക്കു മുന്നിലും ഒരേ സമയമായിരുന്നു പ്രതിഷേധ ധർണ്ണ.
ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ചതിന്റെ ഭാഗമായി പുതിയ പാലം നിർമ്മിക്കുന്നതിന് പുഴയിൽ ഉണ്ടാക്കിയ താത്കാലിക മണ്ണ് ബണ്ട്, പ്രളയത്തിൽ പുഴയിലേക്ക് വീണ മരങ്ങൾ തുടങ്ങിയവ നീക്കം ചെയ്യൻ അധികൃതർ തയ്യാറാകാത്തത് പുഴ കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറാൻ ഇടയാക്കുമെന്ന് പ്രവർത്തകർ ആരോപിച്ചു.