എരുമപ്പെട്ടി: ലോക്ക് ഡൗൺ ആഘോഷങ്ങൾക്ക് വിലങ്ങ് അണിയിച്ചതോടെ പ്രതിസന്ധിയിലായത് 300 ഓളം പാചക തൊഴിലാളികളുടെ കുടുംബങ്ങൾ. പാചക രംഗത്ത് പ്രശസ്തരായ വേലൂർ പഞ്ചായത്തിലെ 45 പാചക വിദഗ്ദ്ധരും അവരുടെ കീഴിലുള്ള തൊഴിലാളികളുമാണ് തൊഴിലില്ലാതെ ബുദ്ധിമുട്ടിലായത്.
ആഘോഷങ്ങളിൽ അവിഭാജ്യ ഘടകമായ സദ്യയിലൂടെയാണ് ഓരോ പാചകക്കാരന്റെയും സ്വപ്നങ്ങൾ പൂവണിയുന്നത്. എന്നാൽ ലോക്ക് ഡൗൺ പിടിമുറുക്കിയതോടെ ആഘോഷങ്ങൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. വായ്പയെടുത്തും കടം വാങ്ങിയും തൊഴിൽ ആരംഭിച്ചവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
തൊഴിൽ രംഗത്തെ മറ്റെല്ലാ മേഖലകൾക്കും ആനുകൂല്യങ്ങളും സഹായവും ലഭിച്ചപ്പോൾ പാചക രംഗത്തെ പൂർണ്ണമായും അവഗണിച്ച അവസ്ഥയാണുള്ളത്. ഇതോടെ പാചക രംഗത്ത് 50 വർഷത്തോളം സേവന പാരമ്പര്യമുള്ള നിരവധി പേർ തൊഴിലില്ലായ്മയുടെ വക്കിലാണ്.