ചാവക്കാട്: കനോലി കനാലിൽ നിന്നും വഞ്ചിയിൽ ചെളി കുത്തുന്നതിന് പരമ്പരാഗത തൊഴിലാളികൾക്ക് അനുമതി നൽകാൻ നഗരസഭാ തീരുമാനം. ജൂൺ 15 വരെയാണ് അനുമതി. വാരുന്ന ചെളി തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ തടത്തിൽ ഇടാൻ മാത്രമേ അനുവദിക്കുകയുള്ളു. ഇതിനായി നഗരസഭ തുക അനുവദിക്കുന്നതല്ല. ചെളി ഉപയോഗിക്കുന്ന ഭൂവുടമകൾ ഇതിനായുള്ള വേതനം തൊഴിലാളികൾക്ക് നൽകണം. അനുമതി ദുരുപയോഗം ചെയ്ത് വാരിയെടുക്കുന്ന ചെളി ഉപയോഗിച്ച് തണ്ണീർത്തടങ്ങൾ നികത്തരുത്. ഇത്തരം പ്രവൃത്തികളുണ്ടായാൽ കർശന നടപടി സ്വീകരിക്കും. ഇതിനായി നഗരസഭാ തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള പരമ്പരാഗത തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നുവെന്ന് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു.