കൊടുങ്ങല്ലൂർ: ചന്തപ്പുര- കോട്ടപ്പുറം ബൈപാസ് റോഡിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് എൻ.എച്ച് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ആവശ്യപ്പെട്ടു. സി.ഐ ഓഫീസ് സിഗ്നൽ ജംഗ്ഷൻ്റെ വടക്കുഭാഗത്താണ് മഴ പെയ്യുന്നതിന് പിറകെ വെള്ളക്കെട്ട് രൂക്ഷമാകുന്നത്. കാനയിൽ മണ്ണ് നിറഞ്ഞതുകൊണ്ടാണ് വെള്ളക്കെട്ട് രൂപപ്പെടുന്നതെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണ്. ബൈപാസിൽ കിഴക്കുഭാഗത്തുള്ള കാനയുടെ സ്ലാബുകൾ പൊക്കി മാറ്റി കാനയിലെ മാലിന്യവും മണ്ണും നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഈ വർഷവും തൊഴിലാളികൾ നീക്കിയിരുന്നു.
കാനയ്ക്ക് ഒരടി മാത്രമാണ് ആഴമുള്ളത്. നിർമ്മാണത്തിലെ അപാകത മൂലമാണ് വെള്ളം ഒഴുകിപ്പോകുന്നതിൽ കാലതാമസം നേരിടുന്നത്. ഇതിന് പരിഹാരം കാണുവാൻ എല്ലാ മഴക്കാലങ്ങളിലും എൻ.എച്ച് അധികൃതരോട് ആവശ്യപ്പെടാറുള്ളതാണ്. കാനയുടെ നിർമ്മാണത്തിലുള്ള വൈകല്യം പരിഹരിച്ച് ആഴം കൂട്ടി പുനർനിർമ്മിക്കുവാൻ എൻ.എച്ച് അധികൃതർ തയ്യാറാകണം. എൻ.എച്ചിൻ്റെ അധീനതയിലുള്ള ബൈപാസിൽ ഹൈമാസ്റ്റ് ലൈറ്റിന് കേടു വരുമ്പോൾ ശരിയാക്കുന്നതും മീഡിയനിലുള്ള കുറ്റിച്ചെടികൾ വളർന്ന് വാഹനയാത്രികർക്ക് കാഴ്ച മറയ്ക്കുമ്പോൾ അവ സമയാസമയങ്ങളിൽ വെട്ടിക്കളയുന്നതും ചെയ്യാത്തതിനാൽ നഗരസഭയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസവും ഈ ജംഗ്ഷനിലെ കുറ്റിച്ചെടികൾ നഗരസഭ മുറിച്ച് മാറ്റിയിരുന്നു. വീണ്ടും നഗരസഭ ഇതിനായി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരു സൗകര്യമായി കണ്ട് നിഷ്ക്രിയമായിരിക്കാതെ കാന പുനർനിർമ്മാണമുൾപ്പെടെ ബൈപാസിൻ്റെ കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.