കൊടുങ്ങല്ലൂർ: എറിയാട് കലാസൃഷ്ടി വായനശാലയ്ക്ക് സ്വന്തമായി കെട്ടിടം യാഥാർത്ഥ്യമാകുന്നു. ശിലാസ്ഥാപന കർമ്മം ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. അത്താണി പഴയ ഹെൽത്ത് സെന്ററിന് സമീപം എം.ഐ.ടി സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് വായനശാലയുടെ വക അഞ്ചര സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ വാടക കെട്ടിടത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപ പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്.

ശിലാസ്ഥാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം സിന്ധു വിബീഷ് ആമുഖ പ്രസംഗം നടത്തി. ജനപ്രതിനിധികളായ എം.കെ സിദ്ദിഖ്, നൗഷാദ് കൈതവളപ്പിൽ, കെ.പി പുഷ്പൻ, അഡ്വ. വി.എ സബാഹ്, അനിൽ കുമാർ, അംബികാ ശിവപ്രിയൻ, സാംസ്‌കാരിക പ്രവർത്തകരായ സി.ടി ജോണി, ഉണ്ണി പിക്കാസോ തുടങ്ങിയവർ സംബന്ധിച്ചു...