കൊടുങ്ങല്ലൂർ: നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 50 ലക്ഷം രൂപ ലഭ്യമായതായി ചെയർമാൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വാർഡുകളിലെ ചെറിയ തോടുകളും കാനകളും ശുചീകരിക്കുന്നതിനും പൊതുവഴിയിലെ കാടുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുന്നതിനും ഈ ഫണ്ടുപയോഗിക്കും.

വയലാർ കോട്ടപ്പുറം റോഡിൻ്റെയും ചാപ്പാറ റോഡിൻ്റെയും നിർമ്മാണത്തിന് ഈ റോഡുകൾ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് കൈമാറുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. വയലാർ റോഡിന് 41 ലക്ഷം രൂപയും ചാപ്പാറ റോഡിന് 52 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 93 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മേത്തല അത്താണി ഹെൽത്ത് സെൻ്ററർ പരിസരത്ത് നാല് ഓട്ടോ ടാക്സികൾക്ക് ലാൻഡ് അനുവദിക്കുന്നതിനും കൗൺസിൽ അനുമതി നൽകി. നാല് ഓട്ടോ ഡ്രൈവർമാർ ചേർന്ന് അപേക്ഷ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതി നഗരസഭയിൽ നടപ്പിലാക്കുന്നതിന് വാർഡ് തലത്തിൽ സുഭിക്ഷ കേരളം കാർഷിക സമിതികൾ രൂപീകരിക്കും.

ഓരോ വാർഡിലും തരിശായി കിടക്കുന്ന നിലം, പുരയിടം എത്രയെന്നും അതിൽ കൃഷി ചെയ്യാൻ എത്ര ഭൂമി ലഭ്യമാകുമെന്നും സർവേ നടത്തുന്നതിന് വാർഡുകമ്മിറ്റികളെ ചുമതലപ്പെടുത്തി. ഇങ്ങിനെ കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഭൂവുടമയോ സന്നദ്ധ സംഘടനകളോ നഗരസഭയോ കൃഷി ചെയ്യും. പുല്ലൂറ്റ് പട്ടികജാതി വിദ്യാർത്ഥികൾക്കായി നിർമ്മിച്ചിട്ടുള്ള നഗരസഭയുടെ പ്രീ-മെട്രിക്ക് ഹോസ്റ്റൽ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലാക്കി മാറ്റുന്നതിന് ആവശ്യമായ ഫണ്ട് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിക്കും.

പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വിദ്യാർത്ഥികളെ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇങ്ങനെ മാറ്റം വരുത്തിയത്. പത്താം ക്ളാസിന് മുകളിലുള്ള 29 പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യമായി താമസിച്ച് പഠിക്കാനാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റലായി മാറ്റുന്നത്. ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.സി വിപിൻ ചന്ദ്രൻ, കെ.എസ് കൈസാബ്, സി.കെ രാമനാഥൻ, വി.ജി ഉണ്ണികൃഷ്ണൻ, വി.എം ജോണി, സി.പി രമേശൻ, ടി.എസ് സജീവൻ, ഷീല രാജ് കമൽ, ടി.പി പ്രഭേഷ്, പി.ഒ ദേവസ്സി, എം എസ് വിനയകുമാർ , ഒ.എൻ ജയദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.