കൊടുങ്ങല്ലൂർ: സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് മാത്രം പ്രവർത്തിച്ചിരുന്ന കേരള തീരദേശ പരിശീലന അതോറിറ്റിയുടെ ഓഫീസ് ഇപ്പോൾ ജില്ലാതലത്തിൽ രൂപീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി. തീരദേശ എം.എൽ.എമാരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് നടപടി. കടലിന്റെയും പുഴയുടെയും തീരത്ത് സാധാരണക്കാർക്ക് വീട് നിർമ്മിക്കുന്നതിന് തീരദേശ പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ ക്‌ളിയറൻസ് നൽകുന്നതിനുളള ലക്ഷക്കണക്കിന് അപേക്ഷകളാണ് കേരള തീരദേശ വികസന അതോറിറ്റിയുടെ തിരുവനന്തപുരം ഓഫീസിൽ കെട്ടികിടന്നിരുന്നത്.
സി.ആർ.ഇസെഡ് അനുമതി എന്നറിയപ്പെടുന്ന ഈ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നത് മൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. കടലിനോടും പുഴയോടും തോടിനോടും ചേർന്നു കിടക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി.ആർ.ഇസെഡ് ക്ലിയറൻസും ആവശ്യമായിരുന്നു.. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, 2016 ഡിസംബർ 20ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
ഉത്തരവിലുള്ളത്
കടൽ, കായൽ, നദി, തോട് എന്നിവയുടെ 100 മീറ്റർ ദൂരപരിധി വികസന നിഷിദ്ധമേഖലയായി കണക്കാക്കപ്പെടും. ഈ മേഖലയിൽ 100 സ്‌ക്വയർ മീറ്ററിനു താഴെ തറ വിസ്തീർണമുള്ള വീട് നിർമിക്കുന്നതിനുള്ള അധികാരവും, ഈ ഉത്തരവ് പ്രകാരം രൂപീകരിച്ചിട്ടുള്ള കേരള തീരദേശ പരിപാലന അതോറിറ്റി ജില്ലാ കമ്മിറ്റിക്കായിരിക്കും.
കടലിൽ നിന്നും 200 മീറ്ററിനും 500 മീറ്ററിനും ഇടയിലെ ഭൂമിയിൽ 250 സ്‌ക്വയർ മീറ്റർ തറ വിസ്തീർണമുള്ള കെട്ടിട നിർമ്മാണത്തിനുള്ള ക്ലിയറൻസ് നൽകുന്നതിനുള്ള അധികാരവും ഇതേ ജില്ലാ കമ്മിറ്റിക്ക് തന്നെയാണ്. 250 സ്‌ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് പഴയതുപോലെ സ്റ്റേറ്റ് കമ്മിറ്റിയാണ് ക്ലിയറൻസ് നൽകുക.