പാവറട്ടി : എളവള്ളി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ കാക്കശ്ശേരി കോണികുളത്തിന് പുതുജീവൻ വയ്ക്കുന്നു. കാലങ്ങളായി കാക്കശ്ശേരി, പുവ്വത്തൂർ പ്രദേശത്തെ ജനങ്ങൾ പഴയ കാലങ്ങളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി വന്നതായിരുന്നു ഈ കുളം. പഞ്ചായത്തിന്റെ ആസ്തിയിൽ പെടാതിരുന്ന കുളം പിന്നിട് ആരും ശ്രദ്ധിക്കാതെ ഉപയോഗ ശ്യൂനമായി.

ഇതേത്തുടർന്നാണ് പഞ്ചായത്ത് നടപടികൾ ആരംഭിച്ച് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി നവീകരണം ഏറ്റെടുക്കുമെന്ന് തീരുമാനിച്ചത്. 14-ാം വാർഡ് ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തുളസി രാമചന്ദ്രൻ അദ്ധ്യക്ഷയായി.

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജി. സുബിദാസ്, എം.ഡി. പ്രേമൻ, പി.എ. പീറ്റർ , സുനിൽ വേണു കഴുങ്കുവളപ്പിൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി. 33 സെന്റിൽ സ്ഥിതി ചെയ്യുന്ന കുളം നവീകരിക്കുന്നതോടെ പരിസരവാസികളുടെ ജലക്ഷാമത്തിനും പരിഹാരം ആകുമെന്നാണ് പ്രതീക്ഷ.