തൃശൂർ: വാളയാറിൽ കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയെന്ന സംശയത്തെ തുടർന്ന് നീരിക്ഷണത്തിലായ ടി.എൻ. പ്രതാപൻ എം.പിക്കും അനിൽ അക്കര എം.എൽ.എയ്ക്കും അസുഖമില്ല. ഇന്നലെ പുറത്തുവന്ന പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കൊവിഡ് ഇല്ലെന്ന് സ്ഥരീകരിച്ചെങ്കിലും തങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്ന് ഇരുവരും അറയിച്ചു.
ഒമ്പതിന് രാത്രിയാണ് വാളയാറിൽ അതിർത്തി കടന്നെത്തുന്നവരുടെ പ്രശ്‌നം മനസിലാക്കുന്നതിന് ടി.എൻ. പ്രതാപൻ, അനിൽ അക്കര എന്നിവരും പാലക്കാട്ടെ എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ് ഉൾപ്പടെയുള്ളവർ എത്തിയത്. ജനപ്രതിനിധികൾ വാളയാറിൽ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് അഭ്യൂഹം പരന്നതോടെയാണ് നിരീക്ഷണത്തിൽ പോയത്.
രാഷ്ട്രീയ ക്വാറന്റൈനെന്ന് കോൺഗ്രസ്
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ജനപ്രതിനിധികളെ ക്വാറന്റൈനിലാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഗുരുവായൂരിൽ പ്രവാസികലെ താമസിപ്പിച്ച നിരീക്ഷണ കേന്ദ്രത്തിൽ മന്ത്രി എ.സി. മൊയ്തീൻ സന്ദർശിച്ചിട്ടും അദ്ദേഹത്തിന് ക്വാറന്റൈൻ നിർദ്ദേശമില്ലാതിരുന്നതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഗുരുവായൂരിലെ കേന്ദ്രത്തിൽ താമസിച്ച രണ്ടു പ്രവാസികൾക്ക് കൊവിഡ് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമായി കോൺഗ്രസിന്റെ പ്രതിഷേധം നടന്നുവരുന്നുണ്ട്.
നിദ്ദേശം പാലിക്കുമെന്ന് ജനപ്രതിനിധികൾ
തങ്ങളോട് തൃശൂർ ഡി.എം.ഒ നിർദ്ദേശിച്ചിരിക്കുന്നത് 23 വരെ നിരീക്ഷണത്തിലിരിക്കണമെന്നാണ്, അത് പാലിക്കും. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ.
- ജനപ്രതിനിധികൾ